തിരുവനന്തപുരം: വാണിജ്യ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്‌മിനായി മല്ലു ഹിന്ദു വാട്‍സ്ആപ് ഗ്രൂപ് ഉണ്ടാക്കിയ സംഭവത്തിൽ ഡിജിപി സർക്കാരിന് റിപ്പോർട്ട് കൈമാറി. കെ ഗോപാലകൃഷ്ണന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
കെ ഗോപാലകൃഷ്ണനോട് ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടും. ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന ഗൂഗിൾ, വാട്‍സ് ആപ്, ഫോറൻസിക് ലാബിലെ പരിശോധന ഫലം എന്നിവയടക്കം സർക്കാരിന് റിപ്പോർട്ട് കൈമാറി.
വിവാദങ്ങൾക്ക് പിന്നാലെ തന്റെ ഫോൺ ഹാക്ക് ചെയ്‌തെന്ന് ആരോപിച്ച് ഗോപാലകൃഷ്ണൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഫോണുകൾ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. രണ്ട് മൊബൈൽ ഫോണുകളും ഫോർമാറ്റ് ചെയ്തു നൽകിയതിനാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.
ഫോണുകൾ ഫോർമാറ്റ് ചെയ്തു നൽകിയതിനാൽ തെളിവുകൾ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹാക്കിംഗ് തെളിയണമെങ്കിൽ ഫോർമാറ്റ് ചെയ്യാൻ പാടില്ലായിരുന്നു. ഗോപാലകൃഷ്ണൻ തന്നെ ഫോൺ ഫോർമാറ്റ് ചെയ്തതിനാൽ തെളിവുകൾ കണ്ടെത്താനായില്ല. അതിനാൽ തന്നെ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും പോലീസ് കമ്മീഷണർ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.