ന്യൂ ഡൽഹി : പൊതു സ്ഥലങ്ങളും സേവനങ്ങളും ഭിന്നശേഷിക്കാർക്ക് കൂടി പ്രാപ്യമാണെന്ന് ഉറപ്പാക്കുന്നതിന് 2016 ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ സെക്ഷൻ 40 പ്രകാരം നിർബന്ധിത നിയമങ്ങൾ രൂപീകരിക്കാൻ സുപ്രീം കോടതി വെള്ളിയാഴ്ച (നവംബർ 8) കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.
2017 ലെ അവകാശ നിയമങ്ങളിലെ റൂൾ 15, പ്രവേശനക്ഷമത സംബന്ധിച്ച നിർബന്ധിത മാർഗ്ഗനിർദ്ദേശങ്ങൾ നൽകാത്തതിനാൽ, അത് ആക്ടിനെ തീവ്രമായി ബാധിക്കുന്നുവെന്ന് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ വർധിപ്പിക്കുന്ന സുപ്രധാന വിധിയിൽ കോടതി അഭിപ്രായപ്പെട്ടു.
വികലാംഗർക്ക് പൊതു ഇടങ്ങളിൽ പ്രവേശനം ഉറപ്പാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് 2005-ൽ കാഴ്ച വൈകല്യമുള്ള രാജീവ് രതുരി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. 2017-ൽ, പൊതു കെട്ടിടങ്ങളിൽ പ്രവേശനം സാധ്യമാക്കാനായി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നിർദ്ദേശങ്ങൾ നൽകിയിരുന്നു.
പ്രൊഫസർ അമിതാ ധണ്ഡയുടെ നേതൃത്വത്തിലുള്ള സിഡിഎസ്, എൻഎഎൽഎസ്എആർ സമർപ്പിച്ച റിപ്പോർട്ടിൻ്റെ വെളിച്ചത്തിലാണ് ഏറ്റവും പുതിയ വിധി പുറപ്പെടുവിച്ചത്. വികലാംഗരുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്ര കൺവെൻഷൻ പോലുള്ള അന്താരാഷ്ട്ര ഉടമ്പടികളും വിധിന്യായങ്ങളും വിശകലനം ചെയ്ത ശേഷം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് വിധി പുറപ്പെടുവിച്ചത്.
സെക്ഷൻ 40 അനുസരിച്ച് നിർബന്ധിത നിയമങ്ങൾ മൂന്ന് മാസത്തിനുള്ളിൽ നടപ്പിലാക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. റൂൾ 15 ൽ ഇതിനകം നിർദ്ദേശിച്ചിട്ടുള്ള വിപുലമായ മാർഗ്ഗനിർദ്ദേശങ്ങളിൽ നിന്ന് മാറ്റം വരുത്താൻ പറ്റാത്ത നിയമങ്ങൾ വേർതിരിക്കാവുന്നതാണ്. കേന്ദ്ര ഗവൺമെൻ്റ് എല്ലാ പങ്കാളികളുമായും കൂടിയാലോചിച്ച് ഈ നിയമം നടത്തണം. നൽസാർ സി ഡി എസ് പോലുള്ള സംവിധനകളുടെ സേവനം ഈ പ്രക്രിയയിൽ ഉപയോഗപ്പെടുത്താവുന്നതാണ് . നിലവിലുള്ള റൂൾ 15(1)ൽ ലിസ്റ്റുചെയ്തിരിക്കുന്ന മാനദണ്ഡങ്ങളുമായുള്ള പുരോഗമനപരമായ “ആക്‌സസ് ഇന്ത്യ കാമ്പെയ്‌നിൻ്റെ” ലക്ഷ്യങ്ങളിലേക്കുള്ള ശ്രമം തുടരണം. കോടതി നിരീക്ഷിച്ചു.
കേന്ദ്ര ഗവൺമെൻ്റ് ഉത്തരവ് പാലിക്കുന്നത് വിലയിരുത്താനായി 2025 മാർച്ച് 7 ന് കേസ് വീണ്ടും പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ ഡോ. കോളിൻ ഗോൺസാൽവസാണ് ഹർജിക്കാരന് വേണ്ടി ഹാജരായത്. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി ഹാജരായി.