തിരുവനന്തപുരം: മുനമ്പം ഭൂമി വഖഫായി രജിസ്റ്റർ ചെയ്തത് ലീഗ് നേതാവ് റഷീദ് അലി തങ്ങൾ ചെയർമാനായ സമയത്താണെന്നും ലീഗ് നേതാവ് തന്നെയാണ് സ്ഥലത്ത് കോളേജ് പണിതതെന്നും മന്ത്രി വി അബ്‌ദുറഹ്‌മാൻ.
പ്രശ്‌നം നീട്ടികൊണ്ടുപോയതിൽ ലീഗിന് തന്നെയാണ് പൂർണ ഉത്തരവാദിത്വം. ഭൂമി വഖഫായി രജിസ്റ്റർ ചെയ്ത സമയത്ത് തന്നെ യോഗം വിളിച്ചു കാര്യങ്ങൾ വിശദീകരിക്കണമായിരുന്നു. മുനമ്പം പ്രശ്നം ഇടത് പക്ഷത്തിന് മുകളിൽ ചാരേണ്ടെന്നും മന്ത്രി പറഞ്ഞു.
എല്ലാറ്റിനും കൃത്യമായ രേഖകൾ ഉണ്ട്. സർക്കാർ ഭൂ നികുതി സ്വീകരിക്കാൻ തീരുമാനിച്ചപ്പോൾ എതിർത്തത് ബോർഡ് മെമ്പർ മായീൻ ഹാജിയാണ്. ആ സമയത്ത് ബോർഡ് യോഗം വിളിക്കാൻ തയ്യാറാകണമായിരുന്നു. മുനമ്പം വിഷയം ഇന്നലെയുണ്ടായതല്ല. മുനമ്പം വിഷയത്തിലെ നിയമ പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
മുനമ്പം രാഷ്ട്രീയപ്രശ്നമല്ല, അത് സെൻസിറ്റിവ് വിഷയമാക്കുന്നതിൽ ആർക്കെങ്കിലും താല്പര്യങ്ങൾ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.