കണ്ണൂർ: ആത്മകഥ വിവാദത്തിൽ ഡി സി ബുക്സിന് ഇ പി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു. അഡ്വ. കെ വിശ്വൻ മുഖേനെയാണ് വക്കീൽ നോട്ടീസ് അയച്ചത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പുസ്തകം പുറത്തുവിട്ടതെന്നും പുസ്തകം പിൻവലിച്ചു മാപ്പു പറയണം. തന്നെ സമൂഹത്തിൽ തേജോവധം ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടിയാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയ എതിരാളികൾക്ക് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധം നൽകാൻ വേണ്ടിയാണിത്. ആത്മകഥ എന്നപേരിൽ ഡി സി ബുക്സ് പുറത്തുവിട്ട മുഴുവൻ പോസ്റ്റുകളും ആത്മകഥ ഭാഗങ്ങളും പിൻവലിക്കണം. നിർവാജ്യം ഖേദം പ്രകടിപ്പിച്ചു തെറ്റ് പരസ്യപ്പെടുത്തണം അല്ലാത്തപക്ഷം സിവിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും ഇ പി ജയരാജൻ വക്കീൽ നോട്ടീസിൽ അവശ്യപെട്ടിട്ടുണ്ട്.
ഡി ജി പിക്കും ഇ പി നേരത്തെ പരാതി നൽകിയിരുന്നു തൻറെ ആത്മകഥ പൂർത്തിയായിട്ടില്ലെന്നും അത് അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ചുമതല പെടുത്തിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. മാധ്യമങ്ങളിലൂടെ പുറത്തുവന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ കവർ പേജോ ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ ഡിജിപിക്ക് നൽകിയ പരാതിയിൽ ഡി സി ബുക്സിന്റെ പേര് പരാമർശിച്ചിരുന്നില്ല.
വിഷയം വിവാദമായതോടെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജയരാജൻ പറഞ്ഞിരുന്നു. പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് ഡി സി ബുക്‌സും മാതൃഭൂമി ബുക്‌സും ഉൾപ്പടെ പലരും സമീപിച്ചിരുന്നുവെന്നും എഴുതി തീരട്ടെ എന്നാണ് മാതൃഭൂമിക്ക് മറുപടി നൽകിയത്. ഡി സി ബുക്സ് കാണിച്ചത് തെമ്മാടിത്തരമാണെന്നും ധിക്കാരമാണെന്നും ഇ പി പ്രതികരിച്ചിരുന്നു.
‘കട്ടൻചായയും പരിപ്പുവടയും’ എന്ന പേരിൽ കഴിഞ്ഞ ദിവസമാണ് ജയരാജന്റെ ആത്മകഥയുടേതെന്ന പേരിൽ കവർ ചിത്രം ഡി സി ബുക്സ് പുറത്തുവിട്ടത്. രണ്ടാം പിണറായി സർക്കാരിനെതിരെയും പാർട്ടിക്കെതിരെയും രൂക്ഷ വിമർശനമാണ് പുസ്തകത്തിലുള്ളത് എന്നായിരുന്നു പ്രചാരണം. പാലക്കാട്ടെ ഇടത് സ്ഥാനാർഥി സരിനെതിരെയും വിമർശനം പുസ്തകത്തിലുള്ളതായി പ്രചരിച്ചിരുന്നു.