കണ്ണൂർ: പി വി അൻവർ എം എൽ എ ക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്‌ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. അഡ്വക്കറ്റ് കെ വിശ്വൻ മുഖേനയാണ് ഹരജി സമർപ്പിച്ചത്.
ഇ പി ജയരാജന്റെ ആത്മകഥാ വിവാദം എ ഡി എം നവീൻ ബാബുവിൻറെ മരണം എന്നിവക്കെല്ലാം പിന്നിൽ പി ശശിയാണെന്നായിരുന്നു അൻവർ കഴിഞ്ഞ ദിവസം പാലക്കാട് പ്രസംഗിച്ചത്. പാലക്കാട്ടെ ആരോപണനകളിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും മറ്റ് ആരോപണങ്ങൾ തലശ്ശേരി കോടതിയിലുമാണ് ഫയൽ ചെയ്‌തത്.
അധോലോക സംഘങ്ങളാണ് അൻവറിനെ നിയന്ത്രിക്കുന്നത്. അൻവറിന്റെ നിരന്തരമായ ആരോപണങ്ങൾ ലക്‌ഷ്യം വെക്കുന്നത് തന്നെയല്ല മുഖ്യമന്ത്രിയെയാണെന്നും പി ശശി ആരോപിച്ചു.
സ്വർണക്കടത്ത്, ലൈംഗികാരോപണം, ആർ എസ് എസ് ബന്ധം തുടങ്ങിയ ഗുരുതര ആരോപണങ്ങളായിരുന്നു ശശിക്കെതിരെ അൻവർ പല സമയങ്ങളിലായി ഉന്നയിച്ചിരുന്നത്. ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ശശി അയച്ച വക്കീൽ നോട്ടീസിന് അൻവർ മറുപടി നൽകിയിരുന്നില്ല. പിന്നാലെയാണ് ശശി ക്രിമിനൽ ക്രിമിനൽ കേസ് ഫയൽ ചെയ്തത്.