കോഴിക്കോട്: ചേവായൂർ സഹകരണബാങ്ക് തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതരുടെ പാനലിന് ജയം. തെരെഞ്ഞെടുപ്പിൽ സിപിഎം വിമത പക്ഷത്തെ പിന്തുണച്ചിരുന്നു.
പതിനൊന്നംഗ പാനലിൽ എല്ലാവരും വിജയിച്ചു. പാനലിൽ നാലുപേർ സിപിഎമ്മുകാരും ഏഴുപേർ കോൺഗ്രസ് വിമതരുമായിരുന്നു. ജിസി പ്രശാന്ത് കുമാറിനെ ചെയർമാനായി തെരെഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് കൂടിയാണ് പ്രശാന്ത്.
ചേവായൂർ സഹകരണ ബാങ്ക് 63 വർഷമായി കോൺഗ്രസ് തന്നെയാണ് ഭരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ തന്നെ ആദ്യ സൂപ്പർ ക്‌ളാസ് ബാങ്കാണിത്. നൂറു കോടിയുടെ ആസ്തിയും 504 കോടി രൂപ നിക്ഷേപവുമുള്ളബാങ്ക് 224 കോടി രൂപ ലോൺ നൽകിയിട്ടുണ്ട്.
എട്ട് ബ്രാഞ്ചും മൂന്ന് സൂപ്പർ മാർക്കറ്റും മൂന്നു നീതി മെഡിക്കൽ സ്റ്റോറുകളും സഞ്ചരിക്കുന്ന എടിഎം കോർ ബാങ്കിങ് സംവിധാനവും ബാങ്കിനുണ്ട്. 36000 ത്തിലധികം എ ക്ലാസ് മെമ്പർമാരുള്ള ബാങ്കിൻറെ ഭരണ സമിതി തെരെഞ്ഞെടുപ്പിൽ 8500 മെമ്പർമാരാണ് തെരെഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്.



