ഗസ്സ: ഇസ്രായേൽ കുടിയേറ്റക്കാർ വെസ്റ്റ് ബാങ്കിൽ നടത്തിയ ആക്രമണത്തിൽ 51 ഫലസ്തീനികൾ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്ക് ഗ്രാമമായ ബൈറ്റ് ഫ്യൂറിക്കിലാണ് ആക്രമണം ഉണ്ടായത്. മുഖം മൂടി ധരിച്ച ഇസ്രായേൽ കുടിയേറ്റക്കാർ ഇരച്ചു കയറുകയും വാഹനങ്ങളും വീടുകളും തീയിട്ട് നശിപ്പിക്കുകയുമായിരുന്നു.
അതിനിടെ ഇസ്രായേൽ സൈന്യം ലബനാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്ക് ഇരച്ചു കയറി. നിരവധി തവണ വ്യോമാക്രമണം നടത്തിയതിന് ശേഷമായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ ഈ കടന്നുകയറ്റം. നേരത്തെ ഗസ്സയിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ അൻപതോളം പേർ കൊല്ലപ്പെട്ടിരുന്നു. തെക്കൻ നഗരമായ ടയറിലും ഇസ്രായേൽ വ്യാപക ആക്രമണം അഴിച്ചു വിട്ടതായാണ് റിപ്പോർട്ട്. തെക്കൻ ലബനാനിൽ കുറഞ്ഞത് 15 കുടിയൊഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേലിന്റെ ഡ്രോൺ ആക്രമണത്തിൽ തെക്കൻ നബാത്തിയിൽ രണ്ട് ലബനീസ് പാരാ മെഡിക്കൽ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നേരത്തെ ഇവിടെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ലബനാനിൽ വിവിധയിടങ്ങളിലുണ്ടായ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 59 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു