പാലക്കാട്: ഉപ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാലക്കാട് ഇരട്ട വോട്ട് വിവാദം കത്തുന്നു. പാലക്കാടിന് പുറമെ മറ്റു നിയോജക മണ്ഡലങ്ങളിൽ വോട്ടുള്ളവരുടെ പേരുകൾ പാലക്കാട് മണ്ഡലത്തിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിലനിർത്തി മറ്റു സ്ഥലങ്ങളിലുള്ളവ കാൻസൽ ചെയ്യുമെന്ന് കളക്ടർ ഡോ. എസ് ചിത്ര അറിയിച്ചു.
ഇരട്ട വോട്ടുള്ളവർ വോട്ട് ചെയ്യാനെത്തുമ്പോൾ അവരുടെ ഫോട്ടോ പകർത്തും. തെരെഞ്ഞെടുപ്പ് കമ്മീഷൻറെ മൊബൈൽ ആപ്പിൽ ഇവരുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതോടൊപ്പം ഇവരോട് സത്യവാങ്മൂലം എഴുതി വാങ്ങിക്കും. പിന്നീട് മറ്റേതെങ്കിലും ബൂത്തിൽ വോട്ട് ചെയ്യാൻ ശ്രമിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.
ഇരട്ട വോട്ടിൽ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് സിപിഎം. തെരെഞ്ഞെടുപ്പ് കഴിഞ്ഞാലും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. ഇരട്ട വോട്ട് വിഷയത്തിൽ കോടതിയിൽ പോകാനുള്ള സിപിഎം നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇരട്ട വോട്ടിനെതിരെ ആദ്യമായി പ്രതികരിച്ചത് തങ്ങളാണ്. തെരെഞ്ഞെടുപ്പ് സമയത്ത് ആളുകളെ കളിയാക്കുന്ന പ്രവണതയാണിത്. നടപടി സ്വീകരിക്കേണ്ടവർ തന്നെയാണ് പരാതി പറയുന്നത്. കളവ് നടത്തിയിട്ട് പോലീസിൽ പോയി പരാതി പറഞ്ഞിട്ട് കാര്യമുണ്ടോ എന്നും മാങ്കൂട്ടത്തിൽ പറഞ്ഞു.
ഇരട്ട വോട്ട് വിഷയത്തിൽ കോടതിയിൽ പോവാനുള്ള ശ്രമം ആത്മാർത്ഥതയില്ലാത്തതാണെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. ബിഎൽഒ മാരുടെ ഭാഗത്താണ് പിഴവുണ്ടായത്. അതിന് സിപിഎം വിലപിച്ചിട്ട് കാര്യമില്ലെന്നും ഇരട്ട വോട്ടുകൾ പോളിംഗ് ദിവസം ചലഞ്ച് ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു