റിയാദ് : ആറുവർഷമായി സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്‌തു വരുന്നതിനിടയിൽ പക്ഷാഘാതം പിടിപെട്ട് തളർന്ന യുവാവിനെ ചികിത്സക്കായി
നാട്ടിലെത്തിച്ചു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് സെൻട്രൽ കമ്മറ്റിയുടെ വെൽഫെയർ വിഭാഗത്തിന്റെ ഇടപെടലാണ് രോഗിക്ക് താങ്ങായത്. സൗദി എയർലൈൻസിൽ തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഐ സി എഫ് വെൽഫെയർ വിഭാഗം സെക്രട്ടറി റസാക്ക് വയൽക്കര രോഗിയോടൊപ്പം യാത്ര ചെയ്താണ് സാന്ത്വന സ്പർശം ഏകിയത്.
കൊല്ലം കുണ്ടറ കുരീപ്പള്ളി സ്വദേശിയായ നൗഫലാണ് കഴിഞ്ഞ ആഴ്ച ശക്തമായ സ്ട്രോക്ക് വന്ന് ശരീരമാകെ തളർന്നതിനെ തുടർന്ന് കിടപ്പിലായത്. 29 വയസ്സുള്ള നൗഫലിനെ ജോലിക്കിടെ സംസാര ശേഷി നഷ്ടപ്പെട്ടതിനെ തുടർന്ന് തൊഴിലുടമ , സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് പക്ഷാഘാതം തിരിച്ചറിഞ്ഞത്. നാട്ടിൽ നിന്നും ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഐ സി എഫ് വെൽഫെയർ സംഘം ആവശ്യമായ പരിചരണങ്ങൾ ചെയ്‌തു.
ചികിത്സാ ചിലവ് ഇനത്തിൽ ഭീമമായ തുക വരുമെന്നതിനാൽ സ്വകാര്യ ആശുപത്രിയിൽ നിന്ന് ആദ്യം ഡിസ് ചാർജ്ജ് ചെയ്തിരുന്നെങ്കിലും ആശുപത്രി മാനേജ്മെന്റുമായി ഐ സി എഫ് പ്രവർത്തകർ സംസാരിച്ചതിന്റെ അടിസ്‌ഥാനത്തിൽ അവിടെ തന്നെ ചികിത്സ തുടരുകയായിരുന്നു. എന്നാൽ കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരും എന്നതിനാലും ബന്ധുക്കൾ നാട്ടിൽ കൊണ്ടുപോയി ചികിത്സ നടത്താൻ ആഗ്രഹം പ്രകടിപ്പിച്ചതിനാലും അടിയന്തിരമായി നാട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു. കൂടെ ഒരാൾ അനുഗമിക്കണം എന്ന ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം, ബന്ധുക്കൾ ആയി ആരും കൂടെ പോകാൻ ഇല്ലാത്തതിനാൽ ഐ സി എഫ് വെൽഫെയർ സെക്രട്ടറി റസാഖ് വയൽകര യാത്രയിൽ അനുഗമിക്കുവാൻ സന്നഗ്ദനാവുകയായിരുന്നു.
സൗദി എയർലൈൻസിൽ നാട്ടിലെത്തിയ രോഗിയെ എയർപോർട്ടിൽ
നിന്നു കേരള സർക്കാരിന്റെ നോർക്കയുടെ സൗജന്യ ആംബുലൻസ് സർവ്വീസ് ഉപയോഗപ്പെടുത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്, തുടർന്നും നാട്ടിൽ SYS സാന്ത്വനം വിങ്ങിന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും ഐ സി എഫ് വെൽഫെയർ വിങ് പ്രസിഡന്റ് ഇബ്രാഹിം കരീം അറിയിച്ചു