ക്വാലലംപൂര്‍: ലോക പ്രസിദ്ധ ഇസ്ലാമിക ഹദീസ് ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എഴുതിയ വ്യാഖ്യാനത്തിന്റെ ഔപചാരികമായ സമര്‍പ്പണവും ആദ്യ വാള്യ പ്രകാശനവും നവംബര്‍ 21ന് മലേഷ്യയില്‍ നടക്കും.
പുത്രജയയിലെ മസ്ജിദ് പുത്രയില്‍ 11 ദിവസങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര സ്വഹീഹുല്‍ ബുഖാരി സമ്മേളനത്തിന്റെ സമാപന സംഗമത്തിലാണ് 20 വാള്യങ്ങളുള്ള ഗ്രന്ഥത്തിന്റെ പ്രഖ്യാപനം നടക്കുന്നത്. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമിന്റെ സാന്നിധ്യത്തില്‍ ലോക പ്രസിദ്ധരായ 20 ഹദീസ് പണ്ഡിതന്മാര്‍ ചേര്‍ന്നാണ് പദ്ധതി പ്രഖ്യാപനവും ആദ്യ വാള്യത്തിന്റെ പ്രകാശനവും നിര്‍വഹിക്കുന്നത്.
കാന്തപുരം ആറ് പതിറ്റാണ്ടോളം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്ത് ശേഖരിച്ച സനദുകള്‍, വിവിധ വ്യാഖ്യാനങ്ങളെയും അനുബന്ധ ഗ്രന്ഥങ്ങളെയും അവലംബിച്ച് തയ്യാറാക്കിയ വിശദീകരണങ്ങള്‍, ഓരോ ഹദീസിനെയും കുറിച്ചുള്ള ഗഹനമായ പഠനങ്ങള്‍, വര്‍ത്തമാന ആലോചനകള്‍ എന്നിവയെല്ലാം ചേര്‍ത്ത് പതിനായിരത്തിലധികം പേജുകളിലായാണ് അറബി ഭാഷയില്‍ ‘തദ്കീറുല്‍ ഖാരി’ എന്ന പേരില്‍ ഗ്രന്ഥ പരമ്പര രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് വിവിധ ഘട്ടങ്ങളിലായാണ് ഗ്രന്ഥങ്ങള്‍ പുറത്തിറക്കുന്നത്.
മലേഷ്യയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഇജാസത്ത് സമര്‍പ്പണവും നടക്കും. 60 വര്‍ഷത്തോളമായി തുടരുന്ന അധ്യാപനത്തിനിടെ പതിനായിരത്തിലധികം വിദ്യാര്‍ഥികളാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ശിഷ്യണത്തില്‍ സ്വഹീഹുല്‍ ബുഖാരി പഠനം പൂര്‍ത്തിയാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വഹീഹുല്‍ ബുഖാരി അധ്യാപനം, പ്രഭാഷണം, സെമിനാര്‍ അവതരണങ്ങള്‍ എന്നിവ നടത്തിയിട്ടുണ്ട് അദ്ദേഹം. മലയാളം, അറബി ഭാഷകളില്‍ നിരവധി പഠനങ്ങളും സ്വഹീഹുല്‍ ബുഖാരി സംബന്ധിച്ച് എഴുതിയിട്ടുണ്ട്. മര്‍കസ് നോളജ് സിറ്റി കേന്ദ്രമായുള്ള മലൈബാര്‍ പ്രസ്സ് ആണ് പ്രസാധകര്‍. നേരത്തെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ പുറത്തിറക്കിയിരുന്നു.