കൊച്ചി: സിറാജ്, സുപ്രഭാതം പത്രങ്ങളിൽ നൽകിയ പരസ്യം വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന് സമാനമാണെന്നും ബിജെപി ചെലവിലാണ് സിപിഎം പരസ്യം നൽകിയതെന്നും സന്ദീപ് വാര്യർ ആരോപിച്ചു. വർഗീയ വിഭജനം ലക്‌ഷ്യം വെച്ച് ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചാണ് പരസ്യം നൽകിയതെന്നും പാലക്കാട്ടെ ജനങ്ങൾ ഇത് തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് തങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ പരാമർശം തെരെഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന തിരിച്ചറിവാണ് ഇത്തരം വ്യാജ പരസ്യങ്ങൾ നല്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്നും എം സ്വരാജിന്റെ പരിഹാസ്യ പോസ്റ്റ് പോലും എന്റെ മേൽ കെട്ടിവെച്ചെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
വിഷം വമിക്കുന്ന സ്ഥലത്തുനിന്നും സ്നേഹത്തിന്റെ കടയിലേക്കാണ് ഞാൻ വന്നത്. പഴയ കാര്യങ്ങൾ ഇനിയും ചർച്ച ചെയ്യേണ്ടതില്ല. എകെ ബാലനും എംബി രാജേഷും തനിക്ക് ഗുഡ് സർട്ടിഫിക്കറ്റ് തന്നതാണ്. പിന്നെതിനാണ് ഇപ്പോൾ മോശക്കാരനാക്കുന്നതെന്നും സന്ദീപ് വര്യർ ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ശോഭ കെടുത്താനുള്ള ഈ ശ്രമം വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടുപോലെ സിപിഎമ്മിന് തന്നെ തിരിച്ചടിയാകും.പാർട്ടിയുമായി ആലോചിച്ച് നിയമ നടപടികൾ സ്വീകരിക്കും. തന്നെ വർഗീയ വാദിയായി ചിത്രീകരിക്കുന്നവർക്ക് ഖലീഫ ഉമറിന്റെ ചരിത്രം അറിയില്ല. ഇതിലും വലിയ ആക്ഷേപം കേട്ടയാളാണ് പ്രവാചകരെന്നും സന്ദീപ് വാര്യർ പറഞ്ഞു.
സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തിക്കാട്ടി സിറാജിലും സുപ്രഭാതത്തിലുമായിരുന്നു സിപിഎം പരസ്യംനൽകിയിരുന്നത്. ദേശാഭിമാനിയിൽ പരസ്യം നല്കിയില്ലെന്നതും ശ്രദ്ധേയമാണ്. സരിൻ തരംഗം എന്ന പേരിലാണ് പരസ്യമെങ്കിലും സന്ദീപ് വാര്യർക്കെതിരെയുള്ള വിമർശനങ്ങളാണ് പരസ്യത്തിൽ കൂടുതലും