കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പോലീസിനെതിരെ വീണ്ടും കോടതിയുടെ വിമർശനം. ഈ മാസം 25നകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ വടകര ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി കർശന നിർദേശം നൽകി. രണ്ടാഴ്‌ച മുൻപ് നിർദേശം നൽകിയിട്ടും ഇതുവരെ സമർപ്പിക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
രണ്ടാഴ്‌ച മുൻപ് കേസ് പരിഗണിച്ച കോടതി ഇന്ന് അന്വേഷണ പുരോഗതി സമർപ്പിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാര്യക്ഷമമായി അന്വേഷണം നടക്കുന്നുണ്ടെന്ന് മാത്രമായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്.
അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുന്നതിന് അടുത്ത തിങ്കളാഴ്ചക്ക് വരെ സമയം അനുവദിച്ച കോടതി, അന്വേഷണവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധനകളുടെ വിശദാംശങ്ങൾ തിങ്കളാഴ്‌ചക്ക് മുന്നേ കോടതിയിൽ ഹാജരാക്കാൻ പോലീസിന് നിർദ്ദേശം നൽകി.