39.8 C
Saudi Arabia
Friday, August 22, 2025
spot_img

മുനമ്പം പ്രതിഷേധക്കാരുമായി സർക്കാർ ചർച്ച നടത്തും 

തിരുവനന്തപുരം: മുനമ്പം പ്രശ്ന പരിഹാരത്തിനായി സർക്കാറിന്റെ നിർണായക നീക്കം. സമരക്കാരുമായി മുഖ്യമന്ത്രി ശനിയാഴ്ച ചർച്ച നടത്തും. വൈകുന്നേരം നാലുമണിക്ക് ഓൺ ലൈനിൽ  ചേരുന്ന യോഗത്തിൽ എറണാകുളം കളക്ടർ ഉൾപ്പടെയുള്ളവർപങ്കെടുക്കും.

ആരെയും ഇറക്കിവിടില്ലെന്ന ഉറപ്പ് നൽകുന്നതോടൊപ്പം സമരം അവസാനിപ്പിക്കണമെന്ന് സമരക്കാരോട് സർക്കാർ ആവശ്യപ്പെടും. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് നിയമ പരിരക്ഷക്കാണെന്നും സമരക്കാരെ ബോധ്യപ്പെടുത്തും.

മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനായി സുപ്രധാന തീരുമാനങ്ങളാണ് മുഖ്യമന്ത്രി  വിളിച്ചു ചേർത്ത ഉന്നത തല യോഗത്തിലുണ്ടായത്. ഭൂമിയിൽ താമസിക്കുന്നവരുടെ രേഖകൾ പരിശോധിക്കുന്നതിനായി ജസ്റ്റിസ് സി എൻ രാമചന്ദ്രൻ  നായർ കമ്മീഷനെ വെക്കും. മൂന്നു മാസത്തിനുള്ളിൽ പരിശോധന തീർക്കും.

ഭൂമിയിൽ താമസിക്കുന്നവർക്ക് റവന്യൂ അധികാരം ഉറപ്പിക്കുന്നതിന് വേണ്ടിയാണിത്. വഖഫ് ബോർഡ് ഇനിയാർക്കും നോട്ടീസ് നൽകില്ല. ഇതിനകം നോട്ടീസ് കിട്ടിയവർ ഒഴിയേണ്ട. കരം അടക്കുന്നതിലെ സ്റ്റേ ഒഴിവായിക്കിട്ടാൻ സർക്കാരും ഹൈക്കോടതിയെ സമീപിക്കും.

Related Articles

- Advertisement -spot_img

Latest Articles