കൊല്ലം: സിപിഐഎം തൊടിയൂർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി. ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംഘർഷം തുടങ്ങിയത്. മത്സരം നടന്നാൽ ഔദ്യോഗിക പാനലിലെ ഭൂരിഭാഗം പേരും പരാജയപ്പെടുമെന്ന് മനസ്സിലാക്കിയതോടെ നേതൃത്വം മത്സരം തടയാൻ ശ്രമിച്ചതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു.
ബാർ മുതലാളിയെയും കുബേര കേസ് പ്രതിയെയും നേതൃത്വം പാനലിൽ ഉൾപ്പെടുത്തിയതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. മത്സരം ഉണ്ടായതിനെ തുടർന്ന് കരുനാഗപ്പള്ളിയിലെ പത്തിൽ ഏഴ് ലോക്കൽ സമ്മേളനങ്ങളും നിർത്തിവെച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനപ്രകാരം നിർത്തിവെച്ച സമ്മേളനങ്ങൾ വീണ്ടും നടത്താൻ തീരുമാനിക്കുകയായിരുന്നു.
തൊടിയൂർ ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചാൽ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് താക്കീത് ചെയ്‌തതും പ്രവർത്തകരെ പ്രകോപിതരാക്കി. ഒരു സംഘം പ്രകടനവുമായെത്തി വലിയ പ്രതിഷേധമുയർത്തി. സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെയാണ് കൊല്ലത്തെ ലോക്കൽ സമ്മേളനത്തിൽ പ്രതിഷേധം ഉണ്ടാവുന്നത്. സംഘർഷത്തെ തുടർന്ന് സമ്മേളനം വീണ്ടും നിർത്തിവെച്ചു.