തിരുവവന്തപുരം: ജോലിയിലിരിക്കെ ക്ഷേമ പെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാരുടെ പേരു വിവരങ്ങൾ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സത്യസന്ധമാരായ ഉദ്യോഗസ്‌ഥർ കൂടി സംശയത്തിന്റെ നിയലിലാവുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ഉണർത്തിയത്. ഇത്തരം ക്രമക്കേടുകൾ പുറത്തുവന്നത് പെൻഷൻ വിതരണത്തെ ബാധിക്കരുതെന്നും പെൻഷൻ കുടിശ്ശിക ഉൾപ്പടെ എത്രയും വേഗത്തിൽ കൊടുത്തു തീർക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ഏതെങ്കിലും സർക്കാർ ജീവനക്കാർ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ എല്ലാ ജീവക്കാരെയും അതിന്റെ പേരിൽ ക്രൂശിക്കരുത്. അവരുടെ ന്യായമായ ആവശ്യങ്ങൾ ഇക്കാരണത്താൽ നിഷേധിക്കപ്പെടുകയും ചെയ്യരുതെന്ന് സതീശൻ പറഞ്ഞു.
അനർഹരായ ആളുകൾ സാമൂഹ്യ സുരക്ഷാ പെൻഷനിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ സിഐജി റിപ്പോർട്ടിൽ കണ്ടെത്തിയതും അതിന്മേൽ നടപടിയെടുക്കുമെന്ന് സിഐജിക്ക് സർക്കാർ ഉറപ്പ് നൽകിയതുമായിരുന്നു. ഇതിൽ സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ കത്തിൽ പറഞ്ഞു.