റിയാദ്: ഹുറൂബിലകപ്പെട്ട തൊഴിലാളികൾക്ക് സൗദിയുടെ സാന്ത്വനം. തൊഴിലുടമ ഹുറൂബിലാക്കിയ തൊഴിലാളികൾക്ക് നിയമാനുസൃതം ജോലിയിൽ തുടരാനും രേഖകൾ ശരിയാക്കുവാനും വീണ്ടും അവസരം.
ഹുറൂബ് നീക്കി ജോലിയിൽ തുടരുന്നതിനും പുതിയ സ്‌പോൺസറെ കണ്ടെത്തി നിയമാനുസൃതം പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനും സൗദി അവസരം നൽകുന്നു. രണ്ടു മാസത്തെ സമയപരിയാണ് സർക്കാർ ഇതിന് നിശ്ചയിച്ചത്. 2024 ഡിസംബർ ഒന്നുമുതൽ 2025 ജനുവരി 29 വരെയുള്ള 60 ദിവസത്തിനുള്ളിൽ രേഖകൾ ക്ലിയറക്കണം. ഖില പോർട്ടൽ വഴിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.
വിദേശ രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലങ്ങൾക്ക് ഇത് സംബന്ധിച്ച സർക്കുലർ സൗദി ഗവൺമെൻറ് അയച്ചതായാണ് അറിവ്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധങ്ങൾ ഊഷ്മളമാക്കാനും തൊഴിലാളികൾക്ക് അവരുടെ ജീവിത സാഹചര്യം ചട്ടങ്ങൾക്കനുസൃതമായി ക്രമപ്പെടുത്താനും സേവനങ്ങൾ ആവശ്യമെങ്കിൽ മറ്റൊരു തൊഴിലുടമയിലേക്ക് മാറാനും അവസരം നൽകുകയാണ് ഈ കാമ്പയിൻ.
മറ്റൊരു അവസരത്തിന് കാത്തിരിക്കാതെ ഈ കാമ്പയിൻ പരമാവധി പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരും ശ്രമിക്കണമെന്ന് സർക്കുലറിൽ പറയുന്നു. 2024 ഡിസംബർ ഒന്നിന് മുൻപ് ഹുറൂബായവർക്കാണ് അവസരം. ഹുറൂബിലകപ്പെട്ടവർക്ക് അവസരം ഉപയോഗപ്പെടുത്തണമെന്ന് ഉണർത്തി എസ്എംസ് അയക്കും.