ന്യൂഡൽഹി: ഉത്തർ പ്രദേശിലെ മുസ്‌ലിം പള്ളിയിൽ സർവ്വേ നടത്താനുള്ള ശ്രമങ്ങൾക്കിടയിൽ സംഘർഷമുണ്ടായ സ്ഥലം നാളെ രാഹുൽ ഗാന്ധി സന്ദർശിക്കും. ഉത്തർ പ്രദേശിലെ കോൺഗ്രസ് എംപിമാർക്കൊപ്പമാണ് പ്രതിപക്ഷ നേതാവിന്റെ സന്ദർശനം. നാളെ ഉച്ചക്ക് ഒരുമണിയോടെ തിരിക്കുന്ന സംഘം രണ്ടു മണിയോടെ സംഭലിൽ എത്തുമെന്നാണ് മനസ്സിലാക്കുന്നത്. വയനാട് എംപി പ്രിയങ്ക ഗാന്ധിയും സംഘത്തിൽ ഉണ്ടാവുമെന്ന് സൂചനയുണ്ട്.
പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ രാഹുൽ ഗാന്ധിയെ തടയാനുള്ള സാധ്യതയേറെയാണ്. ഇന്നലെ സ്ഥലം സന്ദർശിക്കാൻ പോയ കോൺഗ്രസ് എംപിമാരെ പോലീസ് തടഞ്ഞിരുന്നു. തുടർന്ന് വലിയ സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു. പ്രതിപക്ഷം സംഭൽ വിഷയം പാർലമെന്റിൽ വലിയ രീതിയിൽ ചർച്ചക്ക് കൊണ്ട് വന്നിട്ടുണ്ടായിരുന്നു. ഇരു സഭകളിലും പ്രതിപക്ഷം ഈ വിഷയത്തിൽ ഇന്ന് പ്രതിഷേധിച്ചിരുന്നു. സംഭലിലെ വിഷയങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സമാജ് പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞത്.
സിവിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംഭലിൽ സർവേക്ക് വന്ന സമയത്ത് ഷാഹി ജുമാ മസ്ജിദ് പരിസരത്ത് വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. തുടർന്ന് നടന്ന പോലീസ് വെടിവെപ്പിൽ നാല് പേർ മരണപ്പെടുകയും ചെയ്‌തിരുന്നു. ഹരിഹർ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിർമിച്ചതെന്ന അഭിഭാഷകർ വിഷ്‌ണു ശങ്കർ ജയിനും പിതാവ് ഹരി ശങ്കർ ജയിനും നൽകിയ ഹർജി പരിഗണിച്ചാണ് കോടതി സർവേക്ക് ഉത്തരവ് നൽകിയിരുന്നത്. മുഗൾ ചക്രവർത്തി ബാബർ ക്ഷേത്രം പൊളിച്ചാണ് മസ്‌ജിദ് നിർമിച്ചതെന്നായിരുന്നു ഹരജിക്കാരൻ വാദം.