പത്തനംതിട്ട: പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷും ഉപാധ്യക്ഷ യു രമ്യയും രാജി വെച്ചു. മൂന്ന് വിമത അംഗങ്ങളെ കൂട്ടുപിടിച്ചു എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ബുധനാഴ്‌ച പരിഗണിക്കാനിരിക്കെയാണ് അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചത്.
എൽഡിഎഫ് അവിശ്വാസത്തിന് യുഡിഎഫ് പിന്തുണ അറിയിച്ചിരുന്നു. രാജിക്ക് പിന്നാലെ എൽഡിഎഫ് പന്തളത്ത് പടക്കം പൊട്ടിച്ചു ആഘോഷിച്ചു. ജനാധിപത്യത്തിന്റെ വിജയമെന്ന് യുഡിഎഫും പറഞ്ഞു. അധ്യക്ഷയോടും ഉപാധ്യക്ഷയോടും രാജി വെക്കാൻ ആവശ്യപെട്ടിട്ടില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി എസ് സൂരജ് പറഞ്ഞു.
പാലക്കാടിന് പുറമെ കേരളത്തിൽ ബിജെപി ഭരിക്കുന്ന ഏക നഗര സഭയാണ് പന്തളം. നഗരസഭയിലെ 33 സീറ്റിൽ ബിജെപിക്ക് 18 അംഗങ്ങളാണുള്ളത്. യുഡിഎഫിന് അഞ്ചും എൽഡിഎഫിന് ഒൻപതും ഒരു സ്വാതന്ത്രയുമാണുള്ളത്.