തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനവ് പ്രാബല്യത്തിൽ വന്നു. യൂണിറ്റിന് 16 പൈസയാണ് വർധിപിപ്പിച്ചിരിക്കുന്നത്. പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം അഞ്ചാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്. കെഎസ്ഇബി ആവശ്യപ്പെട്ട 4.45 ശതമാനത്തിന്റെ വർധന സർക്കാർ അതെ പ്രകാരം അംഗീകരിക്കുകയായിരുന്നു. വ്യാഴാഴ്‌ച മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
40 യൂണിറ്റിന് താഴെയുള്ള ഉപഭോക്താക്കളെ നിരക്ക് വർധന ബാധിക്കില്ലെന്ന് കെഎസ്ഇബി വൃത്തങ്ങൾ അറിയിച്ചു. യൂണിറ്റിന് 37 പൈസയുടെ വർധനയാണുണ്ടായത്. 2024 -25 വർഷത്തിൽ 16 പൈസയും 2025 -26 വർഷത്തിൽ 12 പൈസയുടെയും വർധന ഉണ്ടാവുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
ഫിക്സഡ് ചാർജിൽ കഴിഞ്ഞ വർഷം മാറ്റം വരുത്തിയിരുന്നു, ഈ വർഷം ഇതിൽ മാറ്റങ്ങൾ ഇല്ല. ജനുവരി മുതൽ മെയ് വരെ 10 പൈസ സമ്മർ താരിഫ് ഏർപ്പെടുത്തണമെന്ന കെഎസ്ഇബി ശുപാർശ കമ്മീഷൻ അംഗീകരിച്ചിട്ടില്ല.
കാർഷിക ആവശ്യങ്ങൾക്ക് വൈദ്യുതി ഉപയോഗിക്കുന്നവർക്കും യൂണിറ്റിന് അഞ്ചു പൈസ പ്രകാരം വർധിപ്പിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം പേർക്ക് നിരക്ക് വർധന ബാധിക്കും. ഡിസംബർ അഞ്ചുമുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വന്നിട്ടുണ്ട്