മലപ്പുറം: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ മുസ്‌ലിം ലീഗിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് സംസ്ഥാന പ്രസിഡൻറ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അത് തന്നെയാണ് മുസ്‌ലിം ലീഗിന്റെ നിലപാട് മറ്റൊരു നിലാപാടും പാർട്ടിക്കില്ലെന്നും തങ്ങൾ പറഞ്ഞു. ഇനി ഈ വിഷയത്തിൽ നേതാക്കൾ പ്രതികരിക്കേണ്ടതില്ലെന്നും തങ്ങൾ വ്യക്തമാക്കി.
സാമുദായിക സൗഹൃദം നിലനിർത്തുകയാണ് മുസ്‌ലിം ലീഗിന്റെ നയമെന്ന് നാഷണൽ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി പറഞ്ഞു. മുനമ്പം വിഷയത്തിലും അത് അത് തന്നെയാണ് നയം. വിഷയം യുഡിഎഫ് ചർച്ച ചെയ്യും. അവിടെ ആളുകളെ കുടി ഒഴിപ്പിക്കരുതെന്നാണ് നിലപാട്. സർക്കാർ വിഷയത്തെ നീട്ടി കൊണ്ട് പോകുന്നത് ശരിയല്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
മുനമ്പം വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്‌താവനക്കെതിരെ കെഎം ഷാജി വിമർശനം ഉന്നയിച്ചിരുന്നു. ആരും പാർട്ടിയാകാൻ നോക്കേണ്ടെന്ന് പറഞ്ഞു കെ എം ഷാജിയെ പികെ കുഞ്ഞാലികുട്ടി തിരുത്തിയിരുന്നു. സിപിഎമ്മും ബിജെപിയും പ്രശ്ങ്ങൾ ഉണ്ടാക്കുമ്പോൾ അതിൽ പോയി ആരും പാർട്ടിയാവാൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുനമ്പം വഖഫ് ഭൂമിയാണെന്നും അല്ലെന്നുള്ള വിഡി സതീശന്റെ നിലപാട് അദ്ദേഹത്തിന്റെ വ്യക്തിപരമാണെന്നും യുഡിഎഫ് നിലപാടല്ലെന്നും ഷാജി പറഞ്ഞിരുന്നു. മുനമ്പം ഭൂമി വഖഫ് ഭൂമിയാന്നെന്നതിന് തെളിവുകൾ കാണിച്ചായിരുന്നു പെരുവള്ളൂരിലെ മുസ്‌ലിം ലീഗ് സമ്മേളനത്തിൽ ഷാജിയുടെ പ്രസംഗം. വഖഫ് ഭൂമിയല്ലെന്നു പറയാൻ ഫറൂഖ് കോളേജിന് എന്താണ് അധികാരമെന്നും ഷാജി ചോദിച്ചു. മുനമ്പത്തെ ഭൂമി വാങ്ങിയ പാവങ്ങളല്ല ഇതിലെ പ്രതികളെന്നും അവർക്ക് ഭൂമി വിറ്റ യഥാർഥ പ്രതികളെ സർക്കാർ പുറത്ത് കൊണ്ട് വരണമെന്നും ഷാജി ആവശ്യപ്പെട്ടിരുന്നു.