മലപ്പുറം: കഴിഞ്ഞയാഴ്‌ച കാളികാവിൽ നിന്നും കാണാതായ ഇതരസംസ്ഥാനകാരിയായ 14 കാരി വിവാഹിതയെന്ന് പോലീസ്. കുട്ടിയെ ഹൈദരാബാദിൽ നിന്നും കാളികാവ് പോലീസ് കണ്ടെത്തി.
ഒരാഴ്‌ച മുൻപാണ് പെൺകുട്ടിയെ കാണാതാവുന്നത്. കുട്ടിയുടെ അമ്മയാണ് ഇത് സംബന്ധിച്ചു കാളികാവ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഹൈദരാബാദിൽ കണ്ടെത്തിയത്.
അസം സ്വദേശിയായ പെൺകുട്ടിയെ പിതാവ് അസമിൽ നിന്നുള്ള യുവാവിന് വിവാഹം ചെയ്‌ത് നൽകുകയായിരുന്നു. വിവാഹം കഴിഞ്ഞെന്നു പറഞ്ഞു യുവാവിനെ കുട്ടിയെ ഏൽപിക്കുകയായിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തെത്തുടർന്നാണ് നാട് വിട്ടതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.
പോലീസ് കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ശൈശവ വിവാഹ നിരോധന നിയമപ്രകാരം പിതാവിനെതിരെയും പോക്സോ നിയമപ്രകാരം യുവാവിനെതിരെയും പോലീസ് കേസെടുത്തു.



