കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ നിലപാട് തിരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് സർക്കാരും വഖഫ് ബോർഡുമാണെന്ന് അദ്ദേഹം പറഞ്ഞു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന സതീശന്റെ പ്രസ്‌താവന വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഭൂമി ആരുടേതാണെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. യുഡിഎഫിന് വിഷയത്തിൽ കൃത്യമായ നിലപാടുണ്ട്. വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉണ്ടായപ്പോൾ മുസ്‌ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയതാണ്. അതിൽ ഞാൻ അഭിപ്രായം പറയുന്നില്ല. വിഷയം രമ്യമായി പരിഹരിക്കണം.
സർക്കാർ മനപൂർവം വിഷയം നീട്ടികൊണ്ടു പോവുകയാണ്. പത്ത് മിനിറ്റ് കൊണ്ട് തീർക്കാൻ കഴിയുന്ന വിഷയമാണിത്. രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ സർക്കാർ കുട പിടിക്കുകയാണെന്നും സതീശൻ പറഞ്ഞു.
മുനമ്പം വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞിരുന്ന പ്രതിപക്ഷ നേതാവ് രേഖകൾ പരിശോധിച്ചാണ് വഖഫ് ഭൂമിയല്ലെന്ന് പറയുന്നതെന്നും വ്യക്തമാക്കിയിരുന്നു. മുസ്‌ലിം ലീഗ് നേതൃത്വവുമായി ആലോചിച്ച ശേഷമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ മുസ്‌ലിം സംഘടനാ നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് സതീശന് തീരുമാനം മാറ്റേണ്ടിവന്നത്.