ന്യൂഡൽഹി: ഫലസ്‌തീന് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി പാർലമെന്റിലെത്തി. ഫലസ്‌തീനെ പിന്തുണക്കുന്ന ആഗോള ചിഹ്നമായ തണ്ണിമത്തൻ ആലേഖനം ചെയ്‌ത ബാഗുമായാണ് വയനാട് എംപി പ്രിയങ്ക ഗാന്ധി ഇന്ന് പാർലമെന്റിലെത്തിയത്.
ഫലസ്‌തീൻ നയതന്ത്ര പ്രതിനിധി ആബിദ് എൽറാസെഗ് അബി ജാസറുമായി കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഫലസ്തീനുമായുള്ള ആത്മബന്ധം പങ്കു വെച്ച പ്രിയങ്ക ഗാന്ധി ഫലസ്തീൻ പോരാട്ടങ്ങൾക്ക് പിന്തുണ അറിയിക്കുക കൂടി ചെയ്തു. കൂടിക്കാഴ്‌ച സമയത്ത് ഫലസ്‌തീൻ നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗുമായാണ് പ്രിയങ്ക പാർലമെന്റിലെത്തിയത്.
കോൺഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദാണ് സാമൂഹിക മാധ്യമങ്ങളിൽ ഈ ഫോട്ടോ പങ്കു വെച്ചത്. ‘”പ്രത്യേക ബാഗ് ധരിച്ചു പ്രിയങ്ക ഗാന്ധി ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. മനുഷ്യത്വത്തിന്റെ പ്രകാശനം, മാനവികതയുടെയും നീതിയുടെയും പ്രതിബദ്ധത ജനീവ കൺവൻഷൻ ലംഘിക്കാൻ ആർക്കും കഴിയില്ലെന്ന പ്രയങ്കയുടെ നിലപാട് വ്യക്തമാണ്”. എന്ന് കൂടി ഷമ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.