റിയാദ്: ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു. മുഖ്യമന്ത്രിക്ക് കമ്മീഷൻ അടിക്കാനുള്ള സഭ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ എത്ര സഭ നടന്നു, ഏതെങ്കിലും സഭകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ലോക കേരളസഭക്ക് തുടക്കത്തിൽ എല്ലാ വിധ സഹകരണങ്ങളും ഞങ്ങൾ നൽകിയിരുന്നു. പ്രവാസി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ ലോക കേരളസഭ ധൂർത്തും ദുർവ്യയവും മാത്രമായിമാറി. പ്രവാസി വിഷയങ്ങൾക്ക് ചെവികൊടുക്കാൻ പോലും തയ്യറാകാത്തത് കൊണ്ടാണ് ഞങ്ങൾ സഹകരണം അവസാനിപ്പിച്ചത്.
സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി റിയാദിലെത്തിയതായിരുന്നു കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധുവും അഡ്വ. പിഎ സലീമും. പ്രവാസി വിഷയങ്ങളിൽ നിരന്തരമായി ഇടപെടുന്നതും നിയമസഭയിലും ലോകസഭയിലും പ്രവാസികൾക്ക് വേണ്ടി ശബ്ദിക്കുന്നതും യുഡിഎഫ് മാത്രമാണെന്നും ഇരുവരും പറഞ്ഞു. സർക്കാർ മേഖലകളിൽ മൊത്തമായും അഴിമതിയാണ്. സാധാരണക്കാർക്ക് നാട്ടിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കങ്ങൾ അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. മുനമ്പം പ്രശ്‌നത്തിന് പരിഹാരം കാണാതെ സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
സൗദിയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു സംഘടനയെ ശാക്തീകരിക്കും. പ്രവാസികളുടെ വിവിധ വിഷയങ്ങൾ പഠിച്ചു നേതൃത്വത്തിന് റിപ്പോർട്ട് നൽകുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒഐസിസി നാഷണൽ സെക്രട്ടറി ബിജു കല്ലുമല, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ, വൈസ് പ്രസിഡൻറ് സലീം കളക്കര, ജനറൽ ഫൈസൽ ബാ ഹസ്സൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.