34 C
Saudi Arabia
Sunday, August 24, 2025
spot_img

അഞ്ചു മാസമായി ചികിത്സയിലായിരുന്ന കേളി പ്രവർത്തകൻ റിയാദിൽ മരണപ്പെട്ടു.

റിയാദ്: പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ അഞ്ചുമാസമായി റിയാദിലെ വിവിധ ആശുപത്രികളിലായി തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞു വരികയായിരുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റ് നിർവാഹക സമിതി അംഗം, കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് പുന്നക്കൽ പുതിയപുരയിൽ ജനാർദ്ദനൻ (57)ഹൃദയാഘതത്തെ തുടർന്ന് മരണമടഞ്ഞു. പാളത്ത് വീട്ടിൽ രാമൻ എംബ്രാേൻ – ദേവകി ദമ്പതികളുടെ മകനാണ്.

33 വർഷമായി ഹോത്ത ബാനി തമീമിൽ മിനിലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അഞ്ചുമാസം മുൻപ് പക്ഷാഘാതത്തെ തുടർന്ന് അൽ ഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സുമേഷി കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. പലപ്പോഴും അബോധാവസ്ഥയിലായിരുന്ന ജനാർദ്ദനൻ പിന്നീട് പൂർണ്ണമായും കോമാസ്റ്റേജിലായി. കിങ് സൗദ് മെഡിക്കൽ സിറ്റിയിലെ രണ്ട് മാസത്തെ ചികിത്സ കൊണ്ട് സ്വബോധം വീണ്ടെടുത്ത ജനാർദ്ദനെ വീണ്ടും അൽഖർജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുടുംബത്തിന്റെ ആവശ്യാർത്ഥം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കവെ വീണ്ടും രോഗം മൂർച്ഛിച്ചതിനാൽ റിയാദിലെ കോൺവാൽസെന്റ് (Convalescent)ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു മാസം മുൻപ് ദുബായിലുള്ള സഹോദരൻ റിയാദിലെത്തി ജനാർദ്ദനനെ സന്ദർശിച്ചു മടങ്ങിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജനാർദ്ദനനെ നാട്ടിലെത്തിക്കാനുള്ള ശ്രമം കേളി ജീവകാരുണ്യവിഭാഗം നടത്തി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഹൃദയാഘാതം സംഭവിച്ചത്.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. ബുധനാഴ്ച രാത്രി റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട് എത്തിച്ച മൃതദേഹം റോഡ് മാർഗം കണ്ണൂരിലേക്ക് കൊണ്ടുപോവുകയും ചെയ്തു. വ്യാഴാഴ്ച (ഇന്ന്)ഉച്ചക്ക് രണ്ടുമണിക്ക് കണ്ണാടിപ്പറമ്പ് പുലൂപ്പി പൊതു ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യ: പ്രസീത. പൂജ, അഭിഷേക് എന്നിവർ മക്കളാണ്. ഉഷ, രവീന്ദ്രൻ, സുജിത്, ബിജു, പരേതനായ മധുസൂദനൻ എന്നിവർ സഹോദരങ്ങളാണ്.

Related Articles

- Advertisement -spot_img

Latest Articles