തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് സമാപനം. മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം ഫ്രഡോ ഫയറി സംവിധാനം ചെയ്‌ത ബ്രസീലിയൻ ചിത്രമായ ‘മാലു’ സ്വന്തമാക്കി. നിഷ ഗാന്ധിയിൽ നടന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംവിധായകന് പുരസ്‌കാരം സമ്മാനിച്ചു. സുവർണ്ണ ചകോരത്തോടൊപ്പം പ്രശസ്ത്രി പത്രവും 20 ലക്ഷം രൂപയും സമ്മാനിച്ചു.
ചിലിയൻ ചിത്രമായ ദ ഹൈപ്പർബോറിയൻസിന്റെ സംവിധായകരായ ക്രിസ്റ്റോബൽ ലിയോണിനും ജോക്വിൻ കോസിനും മികച്ച നവാഗത സംവിധായകർക്കുള്ള രജത ചകോരം ലഭിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മികച്ച പ്രേക്ഷക ചിത്രമായി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്‌ത ഫെമിനിച്ചി ഫാത്തിമ തെരെഞ്ഞെടുത്തു. ഹർഷദ് ഷാഷ്‌മിയാണ് മികച്ച സംവിധായകൻ. ചിത്രം മി. മറിയം: ദ് ചിൽഡ്രൻ ആൻഡ് 26 അദേഴ്സ്. മലയാളത്തിലെ നവാഗത ചിത്രം വിക്ടോറിയയാണ്. സംവിധാനം- ശിവരഞ്ജിനി. അനഘ രവിക്കും ചിന്മയ സിദ്ധിഖിനും മികച്ച പ്രകടനത്തിനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചു.