തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ അകപെട്ടവരുടെ പുരധിവാസത്തിനുള്ള ടൗൺഷിപ് ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചു. മുണ്ടക്കൈ, ചൂരൽമല, അട്ടമല വാർഡുകളിലെ 338 കുടുംബാംഗങ്ങളുടെ ആദ്യ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്.
ലിസ്റ്റിലുള്ളവരിൽ 17 കുടുംബങ്ങളിലെ ആരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അതിനാൽ 321 കുടുംബങ്ങളാകും ഗുണഭോക്ത ലിസ്റ്റിൽ ഉണ്ടാവുക. ലിസ്റ്റിൽ പരാതികൾ ഉണ്ടെങ്കിൽ ജനുവരി 10 നുള്ളിൽ അറിയിക്കാൻ വയനാട് കളക്റ്ററേറ്റ് നിർദ്ദേശിച്ചു.
ഉരുൾപൊട്ടലിൽ വീട് ഒലിച്ചുപോയവർ, വീട് പൂർണമായും തകർന്നവർ, ഭാഗികമായി തകർന്നവർ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ആദ്യ ഘട്ടത്തിൽ പരിഗണിക്കുക. ടൗൺഷിപ്പിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതിന് കോടതി വിധി കാത്തിരിക്കുകയാണ്. വിധി വരുന്ന മുറക്ക് തുടർ നടപടികൾ ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
പുരധിവാസത്തിന് സ്ഥലം നല്കാൻ തെയ്യാറായ പ്ലാനറ്റേഷനുകൾ പരിശോധിക്കുവാൻ സർക്കാർ വിദഗ്‌ധ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. പരിശോധയിൽ അനുകൂല റിപ്പോർട്ടുകൾ ലഭിച്ച ഒൻപത് പ്ലാൻറ്റേഷനുകളിൽ നേടുമ്പോല, എൽസൺ എസ്റ്റേറ്റുകളിൽ ടൗൺഷിപ്പുകൾ നിർമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവാനാണ് സർക്കാർ ആലോചിക്കുന്നത്.