ടെൽ അവീവ്: ഗസ്സയിലെ ആക്രമണം അവസാനിപ്പിച്ചതിൽ പ്രതിഷേധിച്ചു ഇസ്രായേൽ മന്ത്രിസഭയിൽ രാജി. സമാധാന കരാർ നിലവിൽ വന്നതിന് തൊട്ടു പിന്നാലെ നെതന്യാഹു സർക്കാരിൽ നിന്നും ഒറ്റ്സ്‍മ യെഹൂദിദ് പാർട്ടി മന്ത്രിമാരെ പിൻവലിച്ചു. പാർട്ടി നേതാവും ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗ്വിർ മന്ത്രിസഭയിൽ നിന്നും രാജി വെച്ചു. സമാധാന കരാർ നിലവിൽ വന്നതിന് പിന്നാലെ ഒറ്റ്സ്‍മ യെഹൂദിദ് പാർട്ടിയുടെ മൂന്ന് മന്ത്രിമാരാണ് രാജി നൽകിയത്.
യുദ്ധം പുനരാരംഭിച്ചാൽ വീണ്ടും മന്ത്രി സഭയിൽ ചേരാൻ തയ്യാറാണെന്ന് ഇറ്റാമർ ബെൻ ഗ്വിർ ജറുസലേമിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പൈതൃക മന്ത്രി അമിച്ചായി എലിയഹു, ദേശീയ പ്രതിരോധ അശേഷി വകുപ്പ് മന്ത്രി യിത്സാക് വസർലൗഫ് എന്നിവരാണ് ദേശീയ സുരക്ഷാ മന്ത്രിക്ക് പുറമെ നെതന്യാഹു മന്ത്രിസഭയിൽ നിന്നും രാജി വെച്ചത്.
ഹമാസുമായി സമാധാന കരാർ ഒപ്പിട്ടാൽ നെതന്യാഹു സർക്കാരിൽ നിന്നും തന്റെ പാർട്ടി പിന്മാറുമെന്ന് ഇറ്റാമർ ബെൻ ഗ്വിർ നേരത്തെ പറഞ്ഞിരുന്നു. മന്ത്രി സഭയിൽ നിന്നുംപിന്മാറിയാലും സർക്കാരിനുള്ള പിന്തുണ പിൻവലിക്കില്ലെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.