തിരുവവനന്തപുരം: പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്‌മക്ക് വധ ശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എ എം ബഷീറിൻറെതാണ് വിധി. ഗ്രീഷ്‌മയുടെ അമ്മാവൻ നിർമലാകുമാരൻ നായർക്ക് മൂന്ന് വർഷ തടവും വിധിച്ചു. ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
ഗ്രീഷ്‌മക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസന്വേഷണത്തിൽ പോലീസിന് കോടതിയുടെ പ്രശംസയും ലഭിച്ചു. വിവാഹ നിശ്ചയത്തിന് ശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് തെളിഞ്ഞതായും വിധിന്യായത്തിൽ പറഞ്ഞു. ബന്ധം ഒഴിവാക്കാൻ വിഷം നൽകി കൊല്ലുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി.
കാമുകനായ ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് ഗ്രീഷ്‌മ കൊലപാതകം ആസൂത്രണം ചെയ്തെന്ന് കോടതി കണ്ടെത്തിയിരുന്നു. കാമുകനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തിയെന്ന് കണ്ടെത്തൽ ശരിവെച്ചാണ് കോടതി വിധി.
ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും കോർത്തിണക്കിയ പ്രോസിക്യൂഷൻ നീക്കം പ്രതികൾക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളൂം അടച്ചിരുന്നു. ഡിജിറ്റൽ, മെഡിക്കൽ, ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ സഹചര്യങ്ങൾ പ്രതിക്കെതിരെ കുറ്റങ്ങൾ തെളിയുന്നതാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അന്വേഷണ സംഘത്തിനും കോടതിയുടെ അഭിനന്ദനം ലഭിച്ചു.
2022 ഒക്ടോബർ 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ‘അമ്മ സിന്ധു കുടിക്കുന്ന കഷായത്തിൽ കാപിക് എന്ന മാരക വിഷം ചേർത്ത് ഗ്രീഷ്‌മ ഷാരോണിനെ കുടിപ്പിക്കുകയായിരുന്നു. വിഷം കുടിച്ച എ ഷാരോൺ 11 ദിവസത്തിന് ശേഷം മെഡിക്കൽ കോളേജിൽ മരിക്കുകയായിരുന്നു. തിരുവനന്തപുരം റൂറൽ എസ്‌പി ശിൽപ രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിച്ചത്.