റിയാദ്: ബിജെപിയിൽ എത്തിയതോടെ സയനൈഡ് ഉൽപാദിപ്പിക്കുന്ന ഫാക്ടറിയായി പിസി ജോർജ് മാറിയെന്ന് സന്ദീപ് വാര്യർ. ‘പാലക്കാടൻ തേര്’ എന്ന പേരിൽ ഒഐസിസി റിയാദ് ഘടകം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് പതിറ്റാണ്ട് മുൻപ് പ്രവാസിയായി ജോലി ചെയ്‌ത നഗരമാണ് റിയാദെന്നും അന്ന് വ്യത്യസ്ഥ രാജ്യങ്ങളിലുള്ള ആളുകളുമായി ഇടപഴകാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ശ്രമിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ നിന്നും കോൺഗ്രസിലെത്തിയത് ശരിയായ തീരുമാനമായിരുന്നു. വെറുപ്പ്പിന്റെ ഫാക്ടറിയിൽ നിന്നും സ്നേഹത്തിന്റെ കടയിലേക്ക് വന്നതിൽ ഏറെ സന്തോഷമുണ്ട്. ബിജെപിയിൽ നിന്നും സിപിഎമ്മിലേക്കയായിരുന്നു ഞാൻ പോയിരുന്നതെങ്കിൽ വിയ്യൂർ ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറിയ പോലെ ആകുമായിരുന്നെന്നും സന്ദീപ് വാര്യർ പരിഹസിച്ചു.
ബത്ഹ ഡി പ്ലസിൽ നടന്ന വാർഷികാഘോഷ പരിപാടി ഒഐസിസി സെന്ററൽ പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദലി ഉത്ഘാടനം ചെയ്‌തു. പാലക്കാട് ജില്ലാ പ്രസിഡന്റ് ശിഹാബ് കരിമ്പാറ അധ്യക്ഷത വഹിച്ചു. സെൻട്രൽ സംഘടനാ ചുമതലയുള്ള സെക്രട്ടറി ഫൈസൽ ബാഹസൻ, റിയാദ് കെഎംസിസി പ്രസിഡന്റ് സി പി മുസ്ഥഫ, സലീം കളക്കര, നവാസ് വെള്ളിമാടുകുന്ന്, നൗഫൽ പാലക്കാടൻ, പ്രമോദ് പൂപ്പാല,അമീർ പട്ടണത്ത്, മൃദുല വിനീഷ്, രാജു പപ്പുള്ളി, ഹക്കീം പട്ടാമ്പി, അനസ് മുസാഹ്മിയ, മാത്യുസ് എറണാകുളം സംസാരിച്ചു. സൈനുദ്ധീൻ കൊടക്കാടൻ ആമുഖ പ്രഭാഷണം നടത്തി. മൊയ്‌ദീൻ മണ്ണാർക്കാട് സ്വാഗതവും ട്രഷറർ നിഹാസ് നന്ദിയും പറഞ്ഞു