31.5 C
Saudi Arabia
Thursday, August 21, 2025
spot_img

ഒ ഐ സി സി ദമ്മാമിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

ദമ്മാം: ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനം ദേശീയ പതാക ഉയർത്തിയും മധുരം വിതരണം ചെയ്തും ആവേശപൂർവ്വം സംഘടിപ്പിച്ചു. ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡൻറ്റ് ഇ കെ സലിം പതാക ഉയർത്തി. ആഘോഷ പരിപാടി കെ പി സി സി മുൻ നിർവാഹക സമിതി അംഗം അഹമ്മദ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ്റ് ബിജു കല്ലുമല റിപബ്ലിക് ദിന സന്ദേശം നൽകി. ഒരു പരമാധികാര, ജനാധിപത്യ, മതേതര റിപ്പബ്ലിക്കിലേക്കുള്ള രാജ്യത്തിൻറ പരിവർത്തനത്തെ അടയാളപ്പെടുത്തുക മാത്രമല്ല, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള ഉത്തരവാദിത്തബോധം വളർത്തിയെടുക്കുന്ന, സ്വാതന്ത്ര്യ സമര സേനാനികളും രാഷ്ട്രനേതാക്കളും നടത്തിയ ത്യാഗങ്ങളെക്കുറിച്ച് പൗരന്മാരെ ഓർമ്മിപ്പിക്കുന്ന ഒരു സുപ്രധാന അനുസ്മരണമാണ് റിപ്പബ്ലിക് ദിനം.‌

1947 ആ​ഗ്സറ്റ് 15 ന് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം 1950 ജനുവരി 26 ന് ഇന്ത്യയുടെ ഭരണഘടന രാജ്യത്ത് നിലവിൽ വന്നു. ഡോ. ബി ആർ‌ അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിം​ഗ് കമ്മിറ്റി തയ്യാറാക്കിയ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മയ്ക്ക് വേണ്ടി ആണ് ജനുവരി 26 ന് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിച്ച് വരുന്നത്. 1930 ജനുവരി 26 ന് ഇന്ത്യയുടെ പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് പൂർണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ച ദിവസമാണ് പിന്നീട് റിപ്പബ്ലിക് ദിനമായി പ്രഖ്യാപിച്ചത്.

ഓരോ റിപ്പബ്ലിക് ദിനവും നാടിനു നൽകുന്ന സന്ദേശം അഭിമാനത്തിന്റെ സന്ദേശമാണ്. ഓരോ ഇന്ത്യക്കാരനും സ്വാതന്ത്രമായി ജീവിക്കാൻ അവകാശം നൽകുന്ന ഭരണഘടന വെല്ലുവിളി നേരിടുന്ന കാലത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. രാജ്യം ഭരിക്കുന്നവർ ഭരണഘടന പൗരന് നൽകുന്ന സ്വാതന്ത്ര്യം ഇല്ലാതാക്കുവാൻ നിരന്തരം ശ്രമിക്കുകയാണ്. ഇന്ത്യയെ ഒരു ഏകാധിപത്യ മത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിനായി ജനാധിപത്യ ഭരണഘടനയെ വേട്ടയാടുന്ന കാഴ്ചയും നമ്മൾ കാണുന്നു. റിപ്പബ്ലിക് ദിനം ഇന്ത്യൻ ഭരണഘടനയെ ചേർത്ത് പിടിക്കേണ്ട, ചർച്ച ചെയ്യേണ്ട ദിനമാണ്. അതിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടത്തുന്ന പോരാട്ടങ്ങൾക്ക് കരുത്ത് പകരുവാൻ ഏവരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി പ്രതിനിധി ഹനീഫ റാവുത്തർ, സൗദി നാഷണൽ കമ്മിറ്റി പ്രതിനിധി റഫീഖ് കൂട്ടിലങ്ങാടി, റീജ്യണൽ വൈസ് പ്രസിഡൻറ് ഷംസ് കൊല്ലം, റീജ്യണൽ വനിതാ വേദി ജനറൽ സെക്രട്ടറി ഹുസ്ന ആസിഫ് എന്നിവർ ആശംസകൾ നേർന്നു.റീജ്യണൽ കമ്മിറ്റി ഓഡിറ്റർ ബിനു പി ബേബി ഭരണഘടനയുടെ ആമുഖം പ്രതിജ്ഞയായി ചൊല്ലിക്കൊടുത്തു.

പരിപാടിയ്ക്ക് റീജ്യണൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും, ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. റഷീദ് പത്തനാപുരം, ശ്യാം പ്രകാശ്, തോമസ് തൈപ്പറമ്പിൽ, അഷ്റഫ് കൊണ്ടോട്ടി, റോയ് കരുമാടി, ഹമീദ് മരക്കാശ്ശേരി, ജലീൽ പള്ളാത്തുരുത്തി, സുരേന്ദ്രൻ പയ്യന്നൂർ, ഗഫൂർ വടകര, സലീന ജലീൽ, മുംതാസ് ബീഗം, സലിം ചാത്തന്നൂർ, സിദ്ധീഖ് നടുവന്നൂർ, യൂസുഫ് കുഞ്ഞുപ്പ, അസ്മാ ബീവി ഉമ്മ, ജസ്ല ജലീൽ, നജ്മുദ്ദീൻ, നൂർ ഷാൻ തുടങ്ങിയവർ ആഘോഷ പരിപാടിയിൽ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles