റിയാദ്: സൗദി കിഴക്കൻ പ്രവിശ്യ മുൻ ഗവർണർ അമീർ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്‌ദുൽ അസീസ് ആലുസഊദ് അന്തരിച്ചു. 75 വയസ്സായിരുന്നു. ഫഹദ് ബിൻ അബ്‌ദുൽ അസീസ് രാജാവിന്റെ രണ്ടാമത്തെ മകനാണ്. റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ ബുധനാഴ്ച ളുഹ്ർ നിസ്‌കാരത്തിന് ശേഷം ജനാസ നിസ്‌കരിച്ചു ഖബറടക്കും.
റിയാദിൽ ജനിച്ച അമീർ ക്യാപിറ്റൽ മോഡൽ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്നും പൊതു വിദ്യാഭ്യാസവും കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്‌സിലും എക്കണോമിക്‌സിലും ബിരുദവും നേടി. നേരത്തെ ആഭ്യന്തര അസിസ്റ്റൻറ് ഡെപ്യൂട്ടി മന്ത്രിസ്ഥാനം വഹിക്കുകയും ദീർഘകാലം കിഴക്കൻ പ്രവിശ്യയിലെ ഗവർണറായി സേവനംചെയ്യുകയും ചെയ്‌തിരുന്നു. നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.
പ്രിൻസ് ജവഹർ ബിൻത് നായിഫ് ബിൻ അബ്‌ദുൽ അസീസ് ആണ് ഭാര്യ, പ്രിൻസുമാരായ തുർക്കി, ഖാലിദ്, അബ്‌ദുൽ അസീസ് പ്രിൻസസുമാരായ നൗഫ്, നൗറ, മിഷാൽ എന്നിവർ മക്കളാണ്.