തിരുവനന്തപുരം: കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകമേള (KLIBF) സമാപിച്ചപ്പോൾ ഏറെ ശ്രദ്ധ നേടിയ പ്രസാധക സ്ഥാപനമായി കോഴിക്കോട്ടെ ജീനിയസ് ബുക്സ്. കല, സാഹിത്യം, കായികം, കാർഷികം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 28 പുസ്തകങ്ങൾ ജീനിയസ് ബുക്സ് പ്രസിദ്ധീകരിച്ച് മേളയിലെ പ്രമുഖ പ്രസാധകരിൽ ഒന്നായി മാറി.
മേളയുടെ ആദ്യ ദിനം തന്നെ, പ്രമുഖ രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ, ജീനിയസ് ബുക്സ് പ്രകാശനം നടത്തിയ രണ്ട് പുസ്തകങ്ങൾ ശ്രദ്ധനേടി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യും മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കും പ്രകാശനം നിർവഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഗവ. ചീഫ് വിപ് ഡോ. എൻ. ജയരാജ്, നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ, എം.എൽ.എമാരായ എ.പി. അനിൽകുമാർ, മാത്യു കുഴൽനടൻ, അഡ്വ. പ്രേംകുമാർ, ടി.വി. ഇബ്രാഹിം, ചാണ്ടി ഉമ്മൻ, സച്ചിൻദേവ് തുടങ്ങിയവർ പങ്കെടുത്തു കൊണ്ടു ജിനിയസ് ബുക്സിന്റെ പ്രവർത്തങ്ങളെ പ്രശംസിച്ചു.
സാംസ്‌കാരിക മേഖലയിൽ നിന്നുള്ള നിരവധി പ്രശസ്തരും പങ്കാളികളായിരുന്നു. പന്തളം സുധാകരൻ, ഡോ. സുലേഖ, പ്രൊഫ. ഒലീന, ഡോ. ശശി, മനോജ് കെ. പുതിയവിള, വിധു വിത്സന്റ്, മനോജ് കാന, പിന്നണി ഗായിക അനിത ഷൈഖ് എന്നിവർ വിവിധ പുസ്തകങ്ങൾ പ്രകാശനം ചെയ്തു മേളയെ സമ്പന്നമാക്കി.
ജിനിയസ് പ്രകാശന സമാപന ദിവസം ചലച്ചിത്ര അക്കാദമി ചെയർമാനും പ്രശസ്ത നടനുമായ പ്രേംകുമാറിന്റെ സാന്നിധ്യം വലിയ ശ്രദ്ധയാകർഷിച്ചു.
ഈ സാഹിത്യ ഉത്സവം, അവരുടെ വിപുലമായ സാഹിത്യ സംഭാവനകൾക്കും വ്യത്യസ്തമായ പ്രസാധന ശൈലിക്കും തെളിവായി. മേളയിൽ പങ്കെടുത്തവരും സാംസ്‌കാരികപ്രവർത്തകരും ജീനിയസ് ബുക്സിന്റെ സംഭാവനയെ പ്രശംസിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
പ്രസിദ്ധീകരണ രംഗത്ത് വൈവിധ്യം കൊണ്ടും പുതിയ തലമുറയെ കൈ പിടിച്ചുയർത്തുന്ന കഴിവുകൊണ്ടും ജീനിയസ് ബുക്സ് കേരള സാഹിത്യ ലോകത്ത് ആധുനിക പ്രസാധകരിൽ ശ്രദ്ധേയമാകുകയാണ്.