കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇടഞ്ഞ ആന ഉത്സവ കമ്മിറ്റി ഓഫീസ് തകർത്തപ്പോഴാണ് അപകടം ഉണ്ടായത്. കുറുവങ്ങാട് വെട്ടാംകാൻഡി താഴെകുനി ലീല(65), വടക്കയിൽ അമ്മുക്കുട്ടി അമ്മ(70), രാജൻ എന്നിവരാണ് മരണപെട്ടത്.
വ്യാഴാഴ്‌ച വൈകുന്നേരം ആറുമണിക്കാണ് അപകടമുണ്ടായത്. അടുത്തടുത്ത് നിന്ന ആനകൾ പരസ്‌പരം കുത്തി വിരണ്ട് ഓടുകയായിരുന്നു. പീതാംബരൻഎം ഗോകുൽ എന്നീ ആനകളാണ് വിരണ്ട് ഓടിയത്. അപകടത്തിൽ 30 ഓളം പേർക്ക് പരിക്ക് പറ്റി.
വിരണ്ടു വരുന്ന ആനകളെ കണ്ട് ഓടി രക്ഷപെടുന്നതിനിടയിലാണ് കൂടുതൽ ആളുകൾക്ക് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വെടിക്കെട്ടിന്റെ ശബ്ദം കേട്ടാണ് ആന വിരണ്ടതെന്നാണ് പ്രാഥമിക നിഗമനം. ഉത്സവ കമ്മിറ്റി ഓഫീസ് തകർത്ത് റോഡിലേക്കിറങ്ങിയ ആനയെ പാപ്പാൻമാർ തളച്ചു.