റിയാദ്: മലയാളി ഉംറതീർഥാടകർ സഞ്ചരിച്ച ബസ് ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു. സഹായിയായ ഡ്രൈവർ നിയന്ത്രണം ഏറ്റെടുത്തതിനാൽ വലിയ അപകടം ഒഴിവായി.
നാൽപതിലേറെ യാത്രക്കാരുമായി റിയാദിൽ നിന്നും ഉംറക്ക് പോയ ബസിലാണ് സംഭവം. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് തിരുവമ്പാടി സ്വദേശി നസീം (50) ആണ് മരണപ്പെട്ടത്. ഉംറയും മദീന സിയാറയും അനുബന്ധ കാര്യങ്ങളും കഴിഞ്ഞു തിരിച്ചു റിയാദിലേക്ക് പോരുമ്പോൾ ഹൈവേയിൽ ഉഖ്‌ലത്തുസുഖൂർ എന്ന സ്ഥലത്തു വെച്ചായിരുന്നു സംഭവം.
യാത്രയിൽ ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപെടുന്നതായി ശ്രദ്ധയിൽ പെട്ട സഹ ഡ്രൈവർ അതി സാഹസികമായി ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഹൈവേയുടെ വശത്തേക്ക് ബസ് ഒതുക്കി നിർത്തിയപ്പോഴേക്കും ഡ്രൈവർ നസീം കുഴഞ്ഞു വീണ് കഴിഞ്ഞിരുന്നു. ഉടൻ ഖ്‌ലത്തുസുഖൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്