തൃശൂർ: ഫെഡറൽ ബാങ്ക് ചാലക്കുടി പോട്ട ബ്രാഞ്ചിൽ കത്തി കാട്ടി ലക്ഷങ്ങൾ കവർന്ന കേസിൽ ഒരാൾ പിടിയിൽ. പോട്ട ആശാരിപ്പറ സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്. ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് പോലീസ് ഇയാളെ പിടിച്ചത്. പത്ത് ലക്ഷം രൂപ ഇയാളുടെ കയ്യിൽ നിന്നും പിടിച്ചെടുത്തു. സാമ്പത്തിക പ്രയാസമാണ് കൊള്ളയടിക്കാൻ പ്രേരിപ്പിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
പ്രതിയുടെ ആഡംബരജീവിതമാണ് കടക്കെണിയിൽ ആവാനുള്ള കാരണം. വിദേശത്തുള്ള ഭാര്യ അയക്കുന്ന പണം മുഴുവനും ഇയാൾ ധൂർത്ത് അടിക്കുകയായിരുന്നത്രെ. ഭാര്യ നാട്ടിലെത്താൻ സമയമായപ്പോൾ കൊള്ള നടത്തി കടം വീട്ടാനുള്ള ശ്രമത്തിലായിരുന്നു.
സ്വന്തം വാഹനത്തിൽ വ്യാജ നമ്പർ വെച്ചാണ് ഇയാൾ മോഷനംനടത്തിയത്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ കോളുകളും പ്രതിയെ പെട്ടെന്ന് പിടികൂടാൻ സഹായകമായെന്ന് പോലീസ് പറഞ്ഞു.
തൃശ്ശൂർ ചാലക്കുടി ഹൈവേയിലെ ഫെഡറൽ ബാങ്ക് പോട്ട ബ്രാഞ്ചിലാണ് ഇയാൾ കവർച്ച നടത്തിയത്. മുഖം മൂടിയും ഹെൽമെറ്റും ധരിച്ചെത്തിയ പ്രതി പട്ടാപകൽ ജീവനകാർക്ക് നേരെ കത്തി കാട്ടിയാണ് പണം കവർന്നത്. കസേരയെടുത്ത് കാബിന്റെ ഗ്ലാസ്സുകൾ അടിച്ചു തകർത്താണ് അകത്ത് കയറിയത്. ഏകദേശം 15 ലക്ഷം രൂപയാണ് ബാങ്കിന് നഷ്ടമായത്.