ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 41-ാമത്തെ ഇനമായിട്ടാണ് കോടതി കേസ് പരിഗണിക്കുന്നത്. കേസ് ആദ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാർക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. ഗ്യാനേഷ് കുമാറിനെ മുഖ്യ തെരെഞ്ഞെടുപ്പ് കംമീഷണറായി നിയമിച്ചതിന് പിന്നാലെയാണ് ഈ വിഷയത്തിൽ സുപ്രീം കോടതി വീണ്ടും വാദം കേൾക്കുന്നത്.
ഫെബ്രുവരി 12 ന് കേസ് പരിഗണിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ലിസ്‌റ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല. പിന്നീട് 19 ലേക്ക് മാറ്റുകയായിരുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന് ചീഫ് ജസ്‌റ്റിസ് ഉൾപ്പെട്ട പാനലിനെ നിയോഗിക്കണമെന്ന് 2023 ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവുണ്ടായിരുന്നു.
ഈ ഉത്തരവ് മാനിക്കാതെയാണ് ചീഫ് ജസ്‌റ്റിസിനെ ഒഴിവാക്കി കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിയ പാനൽ തെരെഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചത്. നിയമനത്തിലൂടെ സർക്കാർ ജനധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി.