കോഴിക്കോട്: വിദ്യാർഥി സംഘർഷത്തിനിടയിൽ പരിക്കേറ്റ് ഷഹബാസ് മരണപ്പെട്ട കേസിൽ പ്രായപൂർത്തിയാവാത്ത ഒരാൾ കൂടി അറസ്റ്റിൽ. പത്താം ക്‌ളാസുകാരനായ വിദ്യാർഥിയാണ് അറസ്‌റ്റിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ അഞ്ചു പേർ വെള്ളിമാടുകുന്ന് ജുവൈൻ ഹോമിൽ കഴിയുകയാണ്. കേസിൽ കൂടുതൽ പേര് ഉൾപെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്.
ഗൂഢാലോചനയിലും മർദ്ദനത്തിലും പങ്കുണ്ടായാൽ അവരെ കൂടി പ്രതി ചേർക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാർഥികളുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് നേരത്തെ തന്നെ ശേഖരിച്ചിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് മുതിർന്നവരുടെ സഹായവും പ്രേരണയും ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളിൽ ഒരാളുടെ പിതാവിന്റെ ക്രിമിനൽ പശ്ചാത്തലം പുറത്തുവന്നതിനെ തുടർന്നാണ് പോലീസ് അത്തരത്തിലുള്ളൊരു അന്വേഷണത്തിന് മുതിരുന്നത്.