ബംഗളുരു: 75 കോടിയുടെ എംഡിഎംഎയുമായി രണ്ട് വിദേശ വനിതകൾ ബംഗളുരുവിൽ പിടിയിൽ. ഡൽഹിയിൽ നിന്നും ബംഗളുരുവിൽ വന്നിറങ്ങിയ വിദേശ വനിതകളിൽ നിന്നാണ് 37.87 കിലോ മയക്കുമരുന്ന് പിടി കൂടിയത്.
കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. ദക്ഷിണാഫ്രിക്കൻ സ്വദേശിയായ വനിതകളാണ് രണ്ടു പേരും. മംഗളുരു പോലീസിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. അബിഗെയ്ൽ അഡോണിസ്, ബംബ എന്നിവരാണ് പിടിയിലായത്.
ബംഗളുരുവിൽ നിന്നും പിടിയിലായ നൈജീരിയൻ സ്വദേശി പീറ്റർ ഇക്കഡി ബെലോൺവു എന്നയാളിൽ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. വലിയ ലഹരി കടത്ത് നെറ്റ് വർക്കിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്നാണ് മംഗളുരു കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞത്.
നീലാദ്രി നഗറിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നിം രണ്ടു പാസ്പോർട്ടുകളും നാലു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.