ദമ്മാം: ഒമാനിൽ നിന്നും ഉംറ നിർവഹിക്കാനെത്തിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മരിച്ചവരെ ഇന്ന് ഖബറടക്കും. അൽ ഹസ്സയിലെ അൽ മഖ്ബറത്തുൽ സ്വാലിഹയിൽ ളുഹർ നിസ്‌കാര ശേഷമായിരിക്കും ഖബറടക്കൽ.
ഞായാറാഴ്ച രാവിലെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം അൽ ഹസ്സക്കടുത്ത ബത്തയിൽ അപകടത്തിൽ പെടുകയായിരിക്കുന്നു. അപകടത്തിൽ മൂന്ന് പേർ മരണപെട്ടിരുന്നു. ഒമാനിൽ നിന്നും ഉംറ നിർവഹിക്കാൻ കാർ മാർഗം പുറപ്പെട്ടതായിരുന്നു സംഘം. കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബിന്റെ ഭാര്യ സഹല മുസ്ലിയാരകത്ത്, മകൾ ഫാത്തിമ ഹാലിയ, കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മിസ്അബിൻറെ മകൻ ദഖ്‌വാൻ എന്നിവരാണ് മരണപ്പെട്ടത്. ഫാത്തിമ ഹാലിയയും ദഖ്‌വാനും അപകട സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു, സഹ്ല ആശുപത്രിയിൽ വെച്ചായിരുന്നു മരണപെട്ടത്.
അൽ ഹസ ഐസിഎഫ് റീജിയൻ നേതാക്കളുടെ നേതൃത്വത്തിൽ തുടർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു. ഒമാൻ ആർഎസ്‌സി നേതൃ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ബന്ധുക്കളാണ് മരണപ്പെട്ടവർ. പ്രാസ്ഥാനിക നേതാക്കളായ നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, കബീർ ചേളാരി സഹായങ്ങളുമായി രംഗത്തുണ്ട്.