ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി കൂടികാഴ്ച്ച നടത്താൻ ആരോഗ്യമന്ത്രി വീണ ജോർജിന് അനുമതി. ഇന്ന് ഉച്ചക്ക് 2.30 നാണ് സമയം അനുവദിച്ചത്. പാർലമെന്റ് മന്ദിരത്തിൽ വെച്ചായിരിക്കും കൂടിക്കാഴ്‌ച നടക്കുക.
രണ്ട് മാസത്തോളമായി സമരവുമായി മുന്നോട്ട് പോവുന്ന ആശ വർക്കർമാരുടെ പ്രശ്നങ്ങൾ തന്നെയാണ് പ്രധാനമായും ചർച്ച ചെയ്യുക. ക്യൂബൻ സന്ദർശനത്തിന് ശേഷം ഡൽഹിയിൽ നദ്ദയെ കാണാൻ വീണ ശ്രമിച്ചിരുന്നെങ്കിലും സമയം നദ്ദ അനുവദിച്ചില്ലായിരുന്നു. തുടർന്ന് നിവേദനം നൽകി തിരിച്ചു വരികയായിരുന്നു.
നേരത്തെ നിവേദനത്തിൽ ആവശ്യപ്പെട്ട കാര്യങ്ങളിൽ കൂടി ചർച്ചകൾ നടക്കും. ആശാ വർക്കർമാരുടെ ഇൻസെന്റീവ് വർദ്ധന, 2023 -2024 വർഷത്തിൽ തടഞ്ഞുവെച്ച 637 കോടി രൂപ അനുവദിക്കുക, കാസർകോട്ടും വയനാട്ടിലും മെഡിക്കൽകോളേജ് സ്ഥാപിക്കാൻ സഹായം നൽകുക, എയിംസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു നിവേദനത്തിൽ ഉണ്ടായിരുന്നത്.