ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ നാളെ ലോക് സഭയിൽ അവതരിപ്പിക്കും. ഇന്ന് ഉച്ചക്ക് ചേർന്ന കാര്യോപദേശക സമിതിയിലാണ് തീരുമാനം. പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചിരുന്നു. ജെപിസി പരിഗണിച്ച ഭരണപക്ഷ നിർദ്ദേശങ്ങൾ മാത്രം അടങ്ങിയ ബില്ലാണ് സഭയിൽ അവതരിപ്പിക്കുക.
വഖഫ് ബിൽ ചർച്ചയിൽ സിപിഐഎം എംപിമാർ പങ്കെടുക്കും. സിപിഐഎം കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. എംപിമാരോട് ചർച്ചയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.
മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ്സിൽ എംപിമാർ പങ്കെടുക്കില്ല. പകരം പാർലമെന്റിൽ നടക്കുന്ന വഖഫ് ചർച്ചയിൽ എംപിമാർ പങ്കെടുക്കും. ചർച്ചയിൽ നിന്നും മാറി നിൽക്കുന്ന തീരുമാനത്തിലേക്ക് സിപിഐഎം പോകില്ല. പാർട്ടി കൃത്യമായ രീതിയിൽ പാർലമെന്റ് ചർച്ചയിൽ ഇടപെടും. മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ എംപിമാർ ചർച്ചയിൽ പങ്കെടുക്കില്ലെന്ന അഭിപ്രായം ഉയർന്നു വന്നതിനെ തുടർന്നാണ് പ്രകാശ് കാരാട്ടിന്റെ വിശദീകരണം.
അതെ സമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് എംപിമാരുടെ യോഗം നാളെ നടക്കും.



