റിയാദ്: കോട്ടക്കൽ മണ്ഡലം കെഎംസിസി സിക്സ് മൊയീസ് കാമ്പയിനിൻ്റെ ഭാഗമായി റമദാനിൽ മണ്ഡലത്തിലെ വിദ്യാർഥി – വിദ്യാർത്ഥിനികൾക്ക് വേണ്ടി സംഘടിപ്പിച്ച ഓൺലൈൻ ഖുർആൻ പാരായണ മത്സര വിജയികളെ അനുമോദിച്ചു. കഴിഞ്ഞ ദിവസം വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗ് ഓഫീസിൽ വെച്ച് സംഘടിപ്പിച്ച പ്രൗഢമായ പരിപാടിയിൽ കെഎംസിസി ഭാരവാഹികൾ, മുസ്‌ലിം ലീഗ് നേതാക്കൾ എന്നിവർക്ക് പുറമെ നിരവധി കുടുംബിനികളും കുട്ടികളും പങ്കെടുത്തു.
പരിപാടി കോട്ടക്കൽ എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി റമദാനിൽ സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരം വിദ്യാർത്ഥി – വിദ്യാർത്ഥിനികൾക്ക് ഖുർആൻ പഠനത്തിന് വലിയ പ്രചോദനം നൽകിയതായി അദ്ദേഹം പറഞ്ഞു. ഖുർആൻ പാരായണത്തോടൊപ്പം അതിൻ്റെ ആശയങ്ങൾ പഠിക്കാനും ഖുർആനിൻ്റെ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തി ഉത്തമ പൗരന്മാരായി ജീവിക്കാനും തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയിൽ റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡൻ്റ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ഭാരവാഹിയായ റഫീഖ് പുല്ലൂർ, മണ്ഡലം കെഎംസിസി ഭാരവാഹികളായ മൊയ്ദീൻ കുട്ടി പൂവ്വാട്, നൗഷാദ് കണിയേരി, വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, പി. പി മുഹമ്മദ് പൊന്മള, കുഞ്ഞിമുഹമ്മദ് കാടാമ്പുഴ, മുഹമ്മദലി നീറ്റുകാറ്റിൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ശുഐബ് മന്നാനി വളാഞ്ചേരി സ്വാഗതവും ജംഷീദ് കൊടുമുടി നന്ദിയും പറഞ്ഞു. മാസ്റ്റർ റബീഹ് ഖിറാഅത് നടത്തി.
ചീഫ് ജഡ്ജസ് ഹാഫിസ് മുഹമ്മദ് അനസുദ്ധീൻ മർജാനി ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ ഉയർന്ന നിലവാരം പുലർത്തിയതിനാൽ വിജയികളെ കണ്ടെത്തുക ശ്രമകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് കോട്ടക്കൽ മണ്ഡലം കെഎംസിസി വക ക്യാഷ് പ്രൈസ്, മെമെൻ്റോ എന്നിവ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ വിതരണം ചെയ്തു. ഫൈനൽ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള പ്രോൽസാഹന സമ്മാനങ്ങൾ മണ്ഡലം കെഎംസിസി ഭാരവാഹികൾ വിതരണം ചെയ്തു.
ഖുർആൻ പാരായണ മത്സര വിജയികൾ:
ജൂനിയർ ഒന്നാം സ്ഥാനം: ഇഷ ഫാത്തിമ (മാറാക്കര)
രണ്ടാം സ്ഥാനം: മുഹമ്മദ് മിൻഹാജ് ( ഇരിമ്പിളിയം)
മൂന്നാം സ്ഥാനം: മുഹമ്മദ് ലാസിം ( എടയൂർ)
സീനിയർ ആൺ കുട്ടികൾ
ഒന്നാം സ്ഥാനം: മുഹമ്മദ് ജിനാൻ ( മാറാക്കര)
രണ്ടാം സ്ഥാനം: എ. പി റബീഹ് ( വളാഞ്ചേരി)
മൂന്നാം സ്ഥാനം: എം. മാഹിർ (പൊന്മള)
സീനിയർ പെൺ കുട്ടികൾ
ഒന്നാം സ്ഥാനം: ഫാത്തിമ നൂറ കല്ലിങ്ങൽ (മാറാക്കര)
രണ്ടാം സ്ഥാനം: ആയിഷ മെഹ്‌വിഷ് ( എടയൂർ)
മൂന്നാം സ്ഥാനം: ഷൻസ ഫാത്തിമ ( കുറ്റിപ്പുറം)