ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമത്തോടനുബന്ധിച്ചു സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യൻ നടപടിക്കെതിരെ പാകിസ്ഥാൻറെ രൂക്ഷ പ്രതികരണം. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധം ചെയ്യുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി പറഞ്ഞു. പാകിസ്ഥാൻ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്നും അശേഹം കൂട്ടിച്ചേർത്തു.
കാശ്മീരിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യാന്തര തലത്തിൽ അന്വേഷണം ആവശ്യമാണ്. രാജ്യാന്തര ഏജൻസിയുമായി അന്വേഷണത്തിൽ സഹകരിക്കാൻ പാകിസ്ഥാൻ തയ്യാറാണ്. രാജ്യാന്തര പ്രതിനിധികൾ നടത്തുന്ന ഏതൊരു അന്വേഷണവുമായി സഹകരിക്കാൻ പാകിസ്ഥാൻ തെയ്യാറാണെന്നും ബ്രിട്ടിഷ് ചാനലിന് നൽകിയ അഭിമുഖത്തിൽ പാകിസ്ഥാൻ പ്രതിരോധമന്ത്രി പറഞ്ഞു.
പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നിൽ ലക് ഷെറെ ത്വയ്ബയുമായി ബന്ധമുള്ള ഭീകര സംഘടനയാണെന്ന ആരോപണം പാക് മന്ത്രി ആസിഫ് നിഷേധിച്ചു. ലക് ഷെറെ ത്വയ്ബ നാമാവശേഷമായ സംഘടനയാണ്.ഇല്ലാത്ത സംഘടനക്ക് എങ്ങനെയാണ് പുതിയ ശാഖകൾ ഉണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.
പാശ്ചാത്യ രാജ്യങ്ങൾക്ക് വേണ്ടി ഭീകരസംഘടനകളെ പാക്കിസ്ഥാൻ സഹായിച്ചിരുന്നു. ഈ വൃത്തികെട്ട ജോലി ചെയ്തതിന്റെ ദുരന്തമാണ് രാഷ്ട്രം അനുഭവിക്കുന്നതെന്നും ആസിഫ് പറഞ്ഞു. ഭീകരതയെ പിന്തുണക്കുന്ന കാര്യം അവതാരക ചൂണ്ടികാണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ബ്രിട്ടനടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് വേണ്ടിയാണിത് ചെയ്തതെന്നും ആസിഫ് പറഞ്ഞു.



