കൊച്ചി: കലൂരിൽ നടക്കുന്ന വഖഫ് സംരക്ഷണ സമ്മേളനം സമസ്‌ത പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്‌തു. സമ്മേളനത്തിൽ ജിഫ്രി തങ്ങൾ പങ്കെടുക്കില്ലെന്ന് വ്യാപകമായ പ്രചാരണത്തിനിടക്കാണ് തങ്ങൾ ഉൽഘടനം നിർവഹിച്ചത്.
ഓൺലൈനായാണ് തങ്ങൾ സമ്മേളനം ഉത്ഘാടനം നിർവഹിച്ചത്. തിരക്ക് കാരണമാണ് സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് ഉൽഘാടന പ്രസംഗത്തിൽ തങ്ങൾ പറഞ്ഞു. അനാരോഗ്യം മൂലമാണ് പങ്കെടുക്കാതിരുന്നതെന്ന് സംഘാടകർ അറിയിച്ചിരുന്നു.
മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ പരിപാടിക്ക് ക്ഷണിക്കാത്തതിനെ തുടർന്ന് ജിഫ്രി തങ്ങൾ സമ്മേളനത്തിൽ നിന്നും വിട്ടുനിൽക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. നാല് സുന്നീ പണ്ഡിത സഭകളുടെ നേതൃത്വത്തിലായിരുന്നു വഖഫ് സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചത്.
അതേ സമയം സമസ്ത പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയും പിൻമാറിയത് മുസ്‌ലിം ലീഗിന്റെ ഭീഷണി മൂലമാണെന്ന് ഐഎൻഎൽ സെക്രട്ടറി കാസിം ഇരിക്കൂർ ആരോപിച്ചു. സമ്മേളനം ഉത്ഘാടനം ചെയ്യേണ്ടിയിരുന്ന തങ്ങൾ അവസാന നിമിഷമാണ് തീരുമാനം മാറ്റിയത്. ക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയെ പിന്തിരിപ്പിക്കാൻ നേരത്തെ തന്നെ ശ്രമങ്ങൾ തുടങ്ങിയിരുന്നു.
തങ്ങൾ അധികാരത്തിൽ വന്നാൽ ദക്ഷിണക്ക് നൽകുന്ന സ്ഥാനമാനങ്ങളെ കുറിച്ചുള്ള വാഗ്ദാനങ്ങളാണ് ലീഗ് നേതാക്കൾ മുന്നോട്ട് വെച്ചതെന്ന് കേസിൽ ഇരിക്കൂർ പറഞ്ഞു. അതോടെയാണ് പാണക്കാട് തങ്ങളിലല്ലാതെ എന്ത് സുന്നി ഐക്യം എന്ന പരസ്യ പ്രസ്‌താവനയുമായി അദ്ദേഹം വരാനുണ്ടായ കാരണമെന്നും കാസിം ഇരിക്കൂർ പറഞ്ഞു. ലീഗിനെ മാറ്റിനിർത്തി നടക്കുന്ന റാലി വൻ വിജയമാവുമെന്ന് കണ്ടതോടെയാണ് റാലി പരാജയപ്പെടുത്താൻ ലീഗ് രംഗത്തു വന്നതെന്നും അദ്ദേഹം പറഞ്ഞു.