ഇസ്‌ലാമാബാദ്: ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ നിരപരാധികളായ തൻറെ കുഞ്ഞുങ്ങളെ കൊന്നെന്ന് ജെയ്‌ഷേ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ. തൻറെ കുടുംബത്തിലെ പത്ത് പേരെയാണ് ഇന്ത്യ കൊലപ്പെടുത്തിയതെന്ന് മസൂദ് അസ്ഹർ പറഞ്ഞു. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ഇന്ത്യ ലക്ഷ്യം വെച്ചുവെന്നും മസൂദ് അസ്ഹർ കുറ്റപ്പെടുത്തി.
അഞ്ച് കുട്ടികളും സഹോദരിയും സഹോദരി ഭർത്താവും ഉൾപ്പടെ കുടുംബത്തിൽ നിന്നും പത്ത് പേരെയാണ് കൊലപ്പെടുത്തിയത്. തനിക്ക് നിരാശയോ ഖേദമോ ഇല്ല. തൻറെ കുടുംബത്തോടൊപ്പം ഞാനും ചേരുമായിരുന്നു. എന്നാൽ സർവശക്തമായ അല്ലാഹുവിനെ കാണാനുള്ള സമയം മാറ്റിവെക്കാൻ കഴിയുന്നതല്ല. ഏഴു മുതൽ മൂന്ന് വയസ്സുവരെയുള്ള നാല് കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നു. നാലുപേരും ഒരുമിച്ചാണ് സ്വർഗത്തിലേക്ക് പോയത്. ഇനി ആരും കരുണ പ്രതീക്ഷിക്കരുത് എന്നും പ്രസ്‌താവനയിൽ പറയുന്നു.
ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂരിലാണ് മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ പത്ത് പേർ കൊല്ലപ്പെട്ടിരുന്നത്. സഹോദരി ഭർത്താവും ശിഷ്യനും അനന്തരവനും ഭാര്യയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു.