കൈറോ: ഗാസയിലും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കിടയിലും ഉത്തരവാദിത്വം നിർവഹിക്കുന്ന ഫലസ്ഥീനിലെ മാധ്യമപ്രവർത്തകർക്ക് അറബ് ലീഗിൻറെ ഐക്യദാർഢ്യം. അറബ് ലീഗിലെ അസിസ്റ്റന്റ് സെക്രട്ടറി ജനറലും മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ സെക്ടർ മേധാവിയുമായ അംബാസഡർ അഹമ്മദ് റാഷിദ് ഖത്താബിയാണ് അറബ് ലീഗിന്റെ പൂർണ ഐക്യദാർഢ്യം അറിയിച്ചത്.
ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലത്താണ് നിങ്ങളുടെ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അംബാസഡർ ഖത്താബി അഭിപ്രായപ്പെട്ടു. ഏപ്രിൽ വരെ 212 ഫലസ്‌തീൻ മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. 400 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുർഘടമായ മേഖലകളിൽ പ്രവർത്തിക്കുന്ന ഫലസ്തീൻ മാധ്യമങ്ങളെ പിന്തുണക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ഞങ്ങൾ ആവശ്യപ്പെടുകയാണ്. തുക്കിയ ആഹ്വാനമായും ഈ ദിവസം വർത്തിക്കുന്നുവെന്ന് അംബാസഡർ ഖത്താബി ഊന്നിപ്പറഞ്ഞു,
ബോംബാക്രമണം, ഉപരോധം, പട്ടിണി തുടങ്ങിയ പ്രയാസങ്ങൾ അനുഭവിക്കുന്ന മറ്റ് നിരായുധരായ സാധാരണക്കാരെ പോലെ, അപകടകരമായ മാനുഷിക സാഹചര്യങ്ങളിലും കഠിനമായ ജീവിത സാഹചര്യങ്ങളിലും തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്ന മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്ന ഇസ്രായേലിന്റെ പ്രവർത്തങ്ങളെ അദ്ദേഹം അപലപിച്ചു.
ഫലസ്തീൻ മാധ്യമങ്ങൾക്കെതിരെ ഇസ്രായേൽ നടത്തുന്ന എല്ലാത്തരം അടിച്ചമർത്തലിനെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള അവഗണനയെയും അറബ് ലീഗ് അപലപിക്കുകയാണെന്ന് അദ്ദേഹം ആവർത്തിച്ചു