റാസൽഖൈമ: വാഹനം പോകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ മൂന്നു സ്ത്രീകൾ വെടിയേറ്റുമരിച്ചു. ഇടുങ്ങിയ വഴിയിൽ കൂടി വാഹനം കടന്നു പോകുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. വാഗ്വാദങ്ങൾക്കൊടുവിൽ പ്രതി സ്ത്രീകൾക്കു നേരെ വെടി ഉതിർക്കുകയായിരുന്നു. ഇത് മരണത്തിൽ കലാശിക്കുകയും ചെയ്‌തു. വിവരങ്ങൾ റാസൽ ഖൈമ പോലീസ് പത്രക്കുറിപ്പിൽ അറിയിക്കുകയായിരുന്നു..
ജനവാസ മേഖലയിൽ വെടിവെപ്പ് നടക്കുന്നതായ വിവരം ലഭിച്ചയുടൻ സർവ്വ സന്നാഹങ്ങളുമായി അഞ്ചു മിനിറ്റിനുള്ളിൽ പോലീസ് സേന സംഭവ സ്ഥലത്തെത്തി. ഉടൻ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും മേൽ നടപടി സ്വീകരിക്കുകയുംചെയ്‌തു. വെടിയേറ്റ സ്ത്രീകളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതിയിൽ നിന്ന് തോക്ക് പിടിച്ചെടുത്തു. മേൽ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് പ്രതിയെ കൈമാറിയതായും പോലീസ് സ്ഥിരീകരിച്ചു.
സാമൂഹ്യ സുരക്ഷക്ക് ഭംഗം വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു. തർക്കങ്ങൾ ഒഴിവാക്കണമെന്നും ഏത് വിഷയത്തിലും സംയമനം പാലിക്കണമെന്നും റാക് പോലീസ് സമൂഹത്തോട് പറഞ്ഞു.