ഫുജൈറ: ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇൻഡിഗോ സർവീസ് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ കണ്ണൂർ, മുംബൈ വിമാനത്താ വളങ്ങളിലേക്കാണ് സർവീസ്. ഫുജൈറ വിമാനത്താവളം ഇൻഡിഗോ കമ്പനിയുടെ 41ാം അന്താരാഷ്ട്ര ഗതാഗത കേന്ദ്രമായി മാറി
ഇന്ന് രാവിലെ 9.30ന് മുംബൈയിൽ നിന്നും ഫുജൈറയിലെത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ മുഹമ്മദ് അബ്ദുല്ല അല്‍ സലാമി, എയർപോർട്ട് ഡയറക്ടർ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി എന്നിവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാർക്ക് ഊഷ്‌മള വരവേൽപ് നൽകി. 10.30 ന് യാത്രക്കാരുമായി വിമാനം മുംബൈയിലേക്ക് മടങ്ങി.
ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ മുഹമ്മദ് അൽ സലാമി, എയർപോർട്ട് ഡയറക്ടർ ജനറൽ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി, ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍ മേധാവി വിനയ് മല്‍ഹോത്ര, ഡെപ്യൂട്ടി എയർപോർട്ട് മാനേജർ ഇബ്രാഹീം അൽ ഖല്ലാഫ് തുടങ്ങി നിരവധി പേർ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു.