തിരുവനന്തപുരം: കോടതി രേഖകൾ ഒഴികെ കോടതിയിലെ വിവരങ്ങൾ ഇനി മുതൽ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ. വിവരാവകാശ നിയമപ്രകാരം സംസ്ഥാനത്തെ ചില കോടതികളിൽ നൽകിയ അപേക്ഷകളിൽ മറുപടി നൽകുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻറെ ഇടപെടൽ. കോടതി നടപടികളുടെ രേഖകൾ ഒഴികെ മറ്റു വിവരങ്ങൾ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കീം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ആർടിഐ നിയമം 12 പ്രകാരം വിവരങ്ങൾ നിഷേധിക്കാൻ കഴിയില്ല. വിവരങ്ങൾ നിഷേധിക്കുന്നത് ശിക്ഷാർഹമാണെന്നും വിവരാവകാശ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
കോഴിക്കോട് സ്വദേശി വടക്കാഞ്ചേരി മുൻസിഫ് കോടതിയിൽ നൽകിയ വിവരാവകാശ അപേക്ഷയിൽ വിവരങ്ങൾ നൽകുന്നത് ഉദ്യോഗസ്ഥൻ നിഷേധിച്ചിരുന്നു. ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയ ശേഷം മറ്റൊരു ഉദ്യോഗസ്ഥൻ എത്തുകയും പിന്നീട് രേഖകൾ കൈമാറുകയും ചെയ്‌തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ വിവരാവകാശ കമ്മീഷണറെ സമീപിക്കുകയായിരുന്നു. ഈ ഹരജിയിലാണ് കമ്മീഷണറുടെ ഉത്തരവ്.